ബംഗളുരു: ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു. തടര്‍ന്ന് വീട്ടില്‍ പ്രസവിച്ച യുവതിയും ഇരട്ടകുട്ടികളും മരിച്ചു. സൗജന്യ ചികിത്സ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡും മറ്റ് രേഖകളും കൈയ്യില്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് ആശുപത്രി ചികിത്സ നിഷേധിച്ചത്.
തുടര്‍ന്ന് ഗര്‍ഭിണി ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തി വീട്ടില്‍ പ്രസവിക്കുകയും അമ്മയും കുഞ്ഞും മരിക്കുകയുമായിരുന്നു. ഇരട്ട കുട്ടികളായിരുന്നു 30 കാരിയായ കസ്തൂരിയുടെ ഗര്‍ഭത്തില്‍ ഉണ്ടായിരുന്നത്. ഒരു കുട്ടി ഗര്‍ഭത്തില്‍ വച്ച് തന്നെ മരിക്കുകയും ഒരു കുട്ടി പ്രസവിച്ച ഉടനെ മരിക്കുകയുമാണ് ഉണ്ടായത്.
വ്യാഴാഴ്ച രാവിലെ അയല്‍വാസികളാണ് കസ്തൂരിയെയും നവജാതശിശുവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെ ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. വീട്ടുകാരുടെ പിന്തുണ ഇല്ലാതിരുന്ന കസ്തൂരിക്ക് അയല്‍വാസികളാണ് വേണ്ട സഹായം ചെയ്തിരുന്നത്.
പ്രസവവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കസ്തൂരിയെ അയല്‍വാസികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ആധാര്‍ കാര്‍ഡോ തായ് കാര്‍ഡോ ഇല്ലാത്തതിനാല്‍ ആശുപത്രി ചികിത്സ നിഷേധിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
തമിഴ്നാട് സ്വദേശിനിയായ കസ്തൂരി 40 ദിവസം മുമ്പ് ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ആറുവയസ്സുകാരിയായ മകളുമൊത്ത് തുംകുരുവിലേക്ക് താമസം മാറുകയായിരുന്നു. ദമ്പതികള്‍ ബംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്. ഭാരതിനഗറിലെ ഒരു ചെറിയ വാടക വീട്ടിലായിരുന്നു താമസം.
‘അവള്‍ക്ക് ബുധനാഴ്ച വൈകുന്നേരം പ്രസവവേദന അനുഭവപ്പെട്ടു, കസ്തൂരിയുടെ കൈയ്യില്‍ ഒരു ഓട്ടോറിക്ഷ വിളിക്കാന്‍ പോലുമുള്ള പണമില്ലായിരുന്നു. ഞങ്ങള്‍ പണം ശേഖരിച്ചു. രാത്രി 8.30 ഓടെ അവളെ ഒരു ഓട്ടോയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. ആധാറോ തായി കാര്‍ഡോ ഇല്ലാത്തതിനാല്‍ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും കസ്തൂരിയെ പ്രവേശിപ്പിച്ചില്ല. വേദനകൊണ്ട് നിലവിളിച്ചിട്ടും ചികിത്സിക്കാന്‍ അവര്‍ തയ്യാറായില്ല’
എന്ന് അയല്‍വാസി സരോജമ്മ പറയുന്നു.
‘ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്നും ഞങ്ങള്‍ക്ക് പണമില്ലായിരുന്നു. വീട്ടില്‍ പോകണമെന്ന് കസ്തൂരി നിര്‍ബന്ധിച്ചു. രാത്രി 10 മണിയോടെ ഞങ്ങള്‍ അവളുടെ വീട്ടിലെത്തി. ഒറ്റക്കിരിക്കണമെന്ന് കസ്തൂരി ആവശ്യപ്പെട്ടു’
എന്നും സരോജമ്മ പറഞ്ഞു.
കസ്തൂരിയുടെ മകള്‍ അയല്‍വാസിയുടെ കൂടെയാണ് രാത്രി താമസിച്ചത്. വ്യാഴാഴ്ച രാവിലെ കാപ്പിയുമായി വീട്ടിലെത്തിയ സരോജാമ്മയാണ് കസ്തൂരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവജാത ശിശുവിന്റെ മൃതദേഹവും സമീപത്തായി ഉണ്ടായിരുന്നു.
സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. ഉഷയെയും ലേബര്‍ റൂമിലുണ്ടായിരുന്ന് നാല് നേഴ്‌സ്മാരെയും സസ്‌പെന്റ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.