ബംഗളൂരു: കർണാടകയിലെ എല്ലാ സ്‌കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്ക് 10 മിനിറ്റ് ധ്യാനിക്കണമെന്ന് നിർദേശം. കർണാടകയിലാണ് പുതിയ തീരുമാനം. വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആണ് പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
ശാരീരികവും മാനസികവുമായ പിരിമുറുക്കം കുറയ്ക്കാനും ഏകാഗ്രതയും ആരോഗ്യവും മെച്ചപ്പെടുത്താനും വിദ്യാർത്ഥികൾ ക്ലാസിന് മുമ്പ് എല്ലാ ദിവസവും ധ്യാനിക്കണമെന്നാണ് മന്ത്രി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്. ചില സ്‌കൂളുകളിൽ ഇതിനകം ധ്യാനം പരിശീലിക്കുന്നുണ്ടെന്നും മന്ത്രി അവകാശപ്പെടുന്നു. അതേസമയം, മന്ത്രിയുടെ നിർദേശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്.
മന്ത്രിയുടെ തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്ന് വിദ്യാഭ്യാസ വിദഗ്ധൻ ഡോ. വി.പി. നിരഞ്ജനാരാധ്യ പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 29 (1) പ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ-പരിശീലന വകുപ്പിന്റെ യോഗ്യതയുള്ള അധികാരിക്ക് മാത്രമേ അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾ എന്തൊക്കെ വേണമെന്ന് തീരുമാനിക്കാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്‌ഐയും രംഗത്ത് വന്നിട്ടുണ്ട്.