അഹമ്മദാബാദ്: ഇനി വിദ്യാലയങ്ങളില്‍ അധ്യാപകര്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ ‘പ്രസന്റ് സര്’ എന്ന് പറയില്ല. ക്ലാസ് മുറികളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ ജയ് ഹിന്ദ് എന്നോ ജയ് ഭാരത് എന്നോ പറയണമെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ജനുവരി ഒന്ന് മുതല്‍ സ്കൂളുകളില്‍ ഇത് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കുട്ടികളില്‍ ദേശഭക്തി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങി. സര്‍ക്കാര്‍, എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സിങ് സ്കൂളുകളിലെ ഒന്നാംക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ പദ്ധതി ബാധകമാവുക. കുട്ടികളില്‍ ചെറുപ്പം മുതലേ ദേശഭക്തി വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് ഉത്തരവില്‍ പറയുന്നത്.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഭൂപേന്ദ്രസിങ് ചുദസമയാണ് ഈ തീരുമാനം എടുത്തതെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പുകള്‍ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും അയച്ചിട്ടുണ്ട്. ഇവിടെ നിന്നാവും സ്കൂളുകളിലേക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുക.
Discussion about this post