മോര്‍ബി: രാജ്യത്തെ ഞെട്ടിച്ച് തൂക്കുപാല ദുരന്തം. ഗുജറാത്തില്‍ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് 60ലേറെ പേര്‍ മരിച്ചു. തലസ്ഥാന നഗരമായ അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ മോര്‍ബിയിലാണ് അപകടമുണ്ടായത്.
മരണസംഖ്യ 60 കടന്നതായി ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ബ്രിജേഷ് മെര്‍ജയാണ് അറിയിച്ചത്. നിലവില്‍ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ് അദ്ദേഹം. ഞായറാഴ്ച വൈകിട്ട് 6.30നാണ് മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്നുവീണത്.
അപകടം നടന്ന പാലത്തിലും സമീപത്തെ റോഡിലും മറ്റുമായി നാനൂറോളം പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഒട്ടേറെപ്പേര്‍ ഇപ്പോഴും നദിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്ക. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഞ്ച് ദിവസം മുന്‍പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ചരിത്രപ്രാധാന്യമുള്ള പാലമാണ് തകര്‍ന്നു വീണത്. അറ്റകുറ്റപ്പണിക്കു ശേഷം പാലം ഗുജറാത്തുകാര്‍ പുതുവര്‍ഷമായി കണക്കാക്കുന്ന ഒക്ടോബര്‍ 26നാണ് പൊതുജനത്തിനായി തുറന്നുകൊടുത്തതിന് പിന്നാലെയാണ് ദുരന്തമെത്തിയത്.