ന്യൂഡല്‍ഹി: 7 മാസമായി കോമയിലായിരുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. മാസങ്ങളോളം അബോധാവസ്ഥയിലായിരുന്ന 23 കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഒക്ടോബര്‍ 20 നാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതി ഡല്‍ഹിയിലെ എയിംസില്‍ പ്രസവിച്ചത്. കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്ന് എയിംസ് ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ മസ്തിഷ്ക ക്ഷതം സംഭവിച്ച യുവതി ട്രോമ സെന്ററില്‍ 7 മാസത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു.
ഹെല്‍മറ്റ് ധരിക്കാതെ ഭര്‍ത്താവിനൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കെയാണ് ഗര്‍ഭിണിയായ യുവതി അപകടത്തില്‍പ്പെട്ടത്. യുവതിയുടെ ബുര്‍ഖ ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. മാര്‍ച്ചിലായിരുന്നു സംഭവം.
അപകടത്തില്‍ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പിന്നാലെ എയിംസ് ട്രോമ സെന്ററില്‍ നാല് മേജര്‍ ബ്രെയിന്‍ സര്‍ജറികള്‍ക്ക് വിധേയയായി. ജീവന് രക്ഷിച്ചെങ്കിലും പെണ്‍കുട്ടി അബോധാവസ്ഥയില്‍ തന്നെ തുടര്‍ന്നു. എയിംസില്‍ എത്തുമ്പോള്‍ യുവതി 40 ദിവസം ഗര്‍ഭിണിയായിരുന്നു.
Read Also: https://www.bignewslive.com/news/kerala-news/313725/mayor-arya-rajendran-ask-help-for-roshan/
ഗൈനക്കോളജിസ്റ്റുകളുടെ ഒരു സംഘം നടത്തിയ പരിശോധനയില്‍ കുഞ്ഞ് ആരോഗ്യവാനാണെന്ന് കണ്ടെത്തി. കുട്ടി വേണോ അതോ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കണോ എന്ന് തീരുമാനിക്കാന്‍ ഭര്‍ത്താവിനോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. രണ്ട് പേരും വേണമെന്ന് ഭര്‍ത്താവ് മറുപടി നല്കി. പിന്നീട് സ്വകാര്യ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ജോലി ഉപേക്ഷിച്ച് ഭാര്യയെ പരിചരിക്കുകയായിരുന്നു.
ഗര്‍ഭാവസ്ഥയുടെ എട്ടര മാസത്തിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാധാരണ പ്രസവമാണ് നടന്നത്. യുവതി ഇപ്പോഴും അബോധാവസ്ഥയിലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അമ്മയ്ക്ക് മുലയൂട്ടാന്‍ കഴിയില്ല. നിലവില്‍ കുപ്പിയിലാണ് പാല് നല്‍കുന്നത്.
ആശുപത്രിയില്‍ നിന്ന് അബോധാവസ്ഥയില്‍ വീട്ടിലേക്ക് മടങ്ങുന്ന 15 ശതമാനം രോഗികള്‍ക്കും ബോധം തിരിച്ചുകിട്ടാന്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ വേണ്ടിവരുന്നതായി എയിംസ് ട്രോമ സെന്റര്‍ ന്യൂറോ സര്ജന് ഡോ.ദീപക് ഗുപ്ത അറിയിച്ചു.
Discussion about this post