മീററ്റ്: കാലി കടത്ത് നടത്തിയെന്ന് ആരോപിച്ച് യുപി പോലീസ് പിടികൂടി അസം പോലീസിന് കൈമാറിയ സഹോദരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗുണ്ടാ നിയമപ്രകാരം കേസ് ചുമത്തി. അസമിലെ കൊക്രജാര്‍ ജില്ലയില്‍ ഏപ്രിലിലാണ് കാലി കടത്ത് ആരോപിച്ച് സഹോദരന്മാരെ കൊലപ്പെടുത്തിയത്.
ഇവരുടെ സ്വത്തുവകകള്‍ കഴിഞ്ഞദിവസം യുപി പോലീസ് കണ്ടുകെട്ടുകയും ചെയ്തു. കൊലപ്പെട്ട അക്ബര്‍ ബന്‍ജാരയുടെയും രണ്ട് സഹോദരന്‍മാരുടെയും 19 കോടി വിലയുള്ള സ്വത്തുവകകളാണ് ഉത്തര്‍പ്രദേശ് പോലീസ് കണ്ടുകെട്ടിയത്.
ഏപ്രില്‍ 19നാണ് അക്ബറും സഹോദരന്‍ സല്‍മാന്‍ ബന്‍ജാരയും കൊലചെയ്യപ്പെട്ടത്. അതേസമയം, കാലി കടത്തുവഴി ഇവര്‍ വിവിധ നഗരങ്ങളില്‍ സ്വത്തു സമ്പാദിച്ചതായാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് ഗുണ്ടാനിയമ പ്രകാരമാണ് കഴിഞ്ഞ ദിവസം സ്വത്തു കണ്ടുകെട്ടുന്ന നടപടിയിലേക്ക് കടന്നത്.
മീററ്റ് പോലീസ് അറസ്റ്റ് ചെയ്ത അക്ബറിനും സല്‍മാനുമെതിരെ കോക്രജാര്‍ ജില്ലയിലാണ് വാറന്റ് പുറപ്പെടുവിച്ചിരുന്നത്. തുടര്‍ന്ന് ഇവരെ അസം പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. അസമിലെത്തിച്ച് തെളിവെടുപ്പിനായി പോകുന്നതിനിടെ പുലര്‍ച്ചെ 1.15ന് വഴി തടഞ്ഞ ശേഷം ആക്രമണമുണ്ടായി എന്നും സഹോദരന്മാര്‍ കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് ഭാഷ്യം.