കോര്‍ബ: കാട്ടികളുടെ പകയ്ക്ക് ഇരയായി ഛത്തീസ്ഗഢിലെ കോര്‍ബയിലെ ദേവ്മാട്ടി ഗ്രാമവാസികള്‍. കുട്ടിയാനയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ഗ്രാമവാസികളെ തേടിയെത്തിയ ആനക്കൂട്ടം അവര്‍ക്ക് നേരെ അക്രമാസക്തരായി. ഒരാളെ ചവിട്ടികൊല്ലുകയും ചെയ്തു.
കൃഷിയിടത്തിലേക്ക് ഇറങ്ങിയ കുട്ടിയാനയെ കൃഷി നാശം ആരോപിച്ച് ഗ്രാമവാസികള്‍ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കൊന്ന ആനയുടെ ജഡം ബാനിയ എന്ന ഗ്രാമത്തിലെ ഒരു കൃഷിയിടത്തില്‍ ജഡം മറവ് ചെയ്തു. പിന്നാലെ, 44 കാട്ടാനങ്ങള്‍ അടങ്ങുന്ന കൂട്ടം ഗ്രാമത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു.
കന്നുകാലികളെ മേയ്ക്കാനായി ഇറങ്ങിയ പിന്താവര്‍ സിങ് എന്ന കര്‍ഷകനെ കാട്ടാനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി എന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായ പ്രേംലത യാദവ് അറിയിച്ചു.
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കൃഷിയിടത്തില്‍ മറവ് ചെയ്ത കുട്ടിയാനയുടെ ജഡം കണ്ടെത്തി. മറവ് ചെയ്തശേഷം കുഴി നെല്‍ച്ചെടികള്‍കൊണ്ട് മൂടിയ നിലയിലായിരുന്നു ജഡം.
സംഭവത്തില്‍ കൃഷിയിടത്തിന്റെ ഉടമയെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം കുട്ടിയാനയെ കൊന്ന സംഘത്തില്‍ കൊല്ലപ്പെട്ട പന്താവര്‍ സിങ് ഉള്‍പ്പെട്ടിരുന്നോ എന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post