ജയ്പൂർ: കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലെ റേഡിയന്റ് വാമർ അമിതമായി ചൂടായതിനെ തുടർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു. നവജാത ശിശുക്കളുടെ ശരീര താപനില കുറയാതെ സൂക്ഷിക്കുന്ന യന്ത്രമാണ് റേഡിയന്റ് വാമർ. രാജസ്ഥാനിലെ ഭിൽവാരയിലെ സർക്കാർ ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്. 21 ദിവസം പ്രായമുള്ള പെൺകുട്ടി ബുധനാഴ്ചയും 10 ദിവസം പ്രായമുള്ള ആൺകുട്ടി വ്യാഴാഴ്ചയുമാണ് മരണപ്പെട്ടത്.
രണ്ട് കുട്ടികൾക്കും അമിതമായി ചൂടേറ്റ് പൊള്ളിയതാണ് മരണത്തിലേയ്ക്ക് നയിച്ചത്. ഈ സമയം, നാൽപ്പതോളം കുഞ്ഞുങ്ങളാണ് എൻഐസിയുവിൽ ഉണ്ടായിരുന്നത്. കുട്ടികളുടെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി കുടുംബങ്ങൾ രംഗത്തെത്തി. ശേഷം പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. അതേസമയം, മരിച്ച ശിശുക്കളിൽ ഒരാളുടെ അമ്മ വാമറിന്റെ സെൻസറിൽ അബദ്ധത്തിൽ സ്പർശിച്ചതാകാം അപകടത്തിന് കാരണമെന്ന് പറഞ്ഞ് ആശുപത്രി അധികൃതരും രംഗത്തെത്തി.
ഒരു കുഞ്ഞിന്റെ അമ്മ രാത്രിയിൽ തന്റെ കുഞ്ഞിന് പാലുട്ടാൻ എത്തിയിരുന്നു. താപനില നിയന്ത്രിക്കാൻ സഹായിക്കുന്ന വാമറിന്റെ സെൻസറിൽ അവർ അബദ്ധവശാൽ തൊട്ടിട്ടുണ്ടാകാമെന്നും അങ്ങനെയാകാം ചൂട് കൂടിയതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ ഗൗർ അവകാശപ്പെട്ടു. തടിയൂരാനുള്ള ശ്രമമാണെന്ന് ആരോപിച്ച് നാട്ടുകാരും രംഗത്തി. സംഭവം വിവാദമായതിന് പിന്നാലെ നഴ്സിംഗ് സ്റ്റാഫിനെ നീക്കി.