അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘ഫയര്‍ ഹെയര്‍കട്ട്’ പരീക്ഷിച്ച യുവാവിന് ഗുരുതര പരിക്ക്. ട്രെന്‍ഡിംഗ് രീതിയില്‍ മുടി മുറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മുടി വെട്ടുന്നതിനിടയില്‍ യുവാവിന്റെ തലയിലും മുഖത്തും തീപിടിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായി.
ഗുജറാത്ത് വല്‍സാദ് ജില്ലയിലെ വാപി പട്ടണത്തിലെ ബാര്‍ബര്‍ ഷോപ്പിലാണ് അപകടമുണ്ടായത്. കഴുത്തിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാപ്പിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 18 കാരനെ പിന്നീട് വല്‍സാദിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അടുത്ത കാലത്തായി ജനപ്രീതി നേടിയ ‘ഫയര്‍ ഹെയര്‍കട്ട്’, ഒരു ബാര്‍ബര്‍ അല്ലെങ്കില്‍ ഹെയര്‍ഡ്രെസ്സര്‍ ഉപഭോക്താവിന്റെ മുടി തീ കൊണ്ട് മുറിക്കുന്ന പ്രക്രിയയാണ്. മുടി വെട്ടിയതിനു ശേഷം തീ ഉപയോഗിച്ച് സെറ്റ് ചെയ്യുന്ന രീതിയാണ് ഫയര്‍ ഹെയര്‍കട്ട് എന്ന പേരില്‍ അറിയപ്പെടുന്നത്.
Read Also: മരുന്ന് മാറി നല്‍കി: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു
സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ തീ കൊണ്ട് മുടി സെറ്റ് ചെയ്യുന്ന നിരവധി വീഡിയോകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമാന ഹെയര്‍കട്ട് പരീക്ഷിക്കുന്നതിനിടയിലാണ് പതിനെട്ടുവയസ്സുള്ള യുവാവിന് ഗുരുതരമായി പൊള്ളലേറ്റത്.
ഇന്നലെയായിരുന്നു സംഭവം. മുടി വെട്ടിയതിനു ശേഷം മുഖത്ത് ടൗവല്‍ വെച്ച് മറച്ച് തലയില്‍ മുടിയില്‍ തീ കൊടുത്ത് സെറ്റ് ചെയ്യുന്നതാണ് രീതി. എന്നാല്‍, തീപ്പെട്ടി ഉപയോഗിച്ച് മുടി കത്തിച്ച ശേഷം ബാര്‍ബര്‍ ഉദ്ദേശിച്ച രീതിയില്‍ തീ നിയന്ത്രിക്കാനായില്ല. മുടിയില്‍ നിന്നും തലയിലേക്കും മുഖത്തും തീ പടര്‍ന്നതോടെ യുവാവ് ഇറങ്ങി ഓടുന്നതും വീഡിയോയില്‍ കാണാം.