ചെന്നൈ: മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തിയ ഇരുവരും തങ്ങളുടെ മനസുകൾ പരസ്പരം കൈമാറിയതോടെ പിറന്നത് ഒരു പുതിയ ജീവിതം. മഹേന്ദ്രനും ദീപയുമാണ് തകർന്നു പോയെന്ന് കരുതിയ ജീവിതം വീണ്ടെടുത്ത് പുതിയ ജീവിതം കെട്ടിപ്പടുക്കുന്നത്. വെള്ളിയാഴ്ചയാണ് ഇരുവരും വിവാഹിതരാകുന്നത്. 228 വർഷത്തെ പ്രവർത്തനപരമ്പര്യമുള്ള ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ(ഐ.എം.എച്ച്.) ചികിത്സ തേടിയെത്തിയ രണ്ടുപേർ തമ്മിൽ പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും ആദ്യമാണ്.
മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവിതത്തിനിടെ മഹേന്ദ്രൻ ആദ്യമായി ദീപയെ കണ്ടത് ആറുമാസം മുമ്പായിരുന്നു. കണ്ട നിമിഷത്തിൽത്തന്നെ പ്രണയം തോന്നി, തെല്ലും ഭയമില്ലാതെ പ്രണയവും മുഖത്ത് നോക്കി പറഞ്ഞു. നാല് മാസം കഴിഞ്ഞ ശേഷമാണ് ദീപ സമ്മതം അറിയിച്ചത്. കുറച്ചുനാൾ കാത്തിരുന്നുവെങ്കിലും അനുകൂല മറുപടി ലഭിച്ചതിൽ സന്തോഷവാനാണ് മഹേന്ദ്രൻ. 42-കാരനായ മഹേന്ദ്രനും 36-കാരിയായ ദീപയും രണ്ട് മാസത്തോളം പ്രണയിച്ചു നടന്നു. അവസാനം വിവരം ഐ.എം.എച്ച്. ഡയറക്ടർ ഡോ. പൂർണചന്ദ്രികയുടെ ചെവിയിലെത്തി.
ദീപയെ വിളിച്ച് കാര്യം തിരക്കി. മഹേന്ദ്രനുമായി പ്രണയത്തിലാണെന്ന് ദീപ പറഞ്ഞു. ഡയറക്ടർതന്നെ ബന്ധുക്കളുമായി ആലോചിച്ച് ഇരുവരുടെയും ആഗ്രഹപ്രകാരം വിവാഹം നടത്താനുള്ള നടപടിയെടുക്കുകയായിരുന്നു. രണ്ടുവർഷം മുമ്പാണ് മഹേന്ദ്രൻ ഐ.എം.എച്ചിൽ ചികിത്സ തേടിയത്. രോഗം മിക്കവാറും ഭേദമായതോടെ അവിടെത്തന്നെയുള്ള ഡേകെയർ സെന്റർ എന്ന പുനരധിവാസ കേന്ദ്രത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
അസുഖം ഭേദമായി വരുന്നവർക്ക് മെഴുകുതിരി, കരകൗശലവസ്തുകൾ തുടങ്ങിയവ നിർമിക്കുന്നതിന് ഡേകെയർ സെന്ററിലായിരുന്നു പരിശീലനം നൽകിയത്. ഒന്നരവർഷം മുമ്പ് ചികിത്സ തേടി ദീപയും എത്തിയത്. രോഗം ഭേദമായതോടെ ദീപയും ഡേകെയറിൽ പരിശീലനത്തിനായി എത്തി. ദീപയെ കണ്ടതോടെ ഉറ്റവരാരുമില്ലാത്ത മഹേന്ദ്രൻ തന്റെ താളം തെറ്റിയ പഴയകാലം പോലും മറന്നു. ആദ്യ ദർശനം അനുരാഗ ദർശനമായിരുന്നുവെന്ന് മഹേന്ദ്രൻ പറയുന്നു.
തന്റെ ഓർമകളിൽ ഇനി നിരാശയുടെ ഇരുണ്ടനാളുകളില്ലെന്ന് ദീപയും പറയുന്നു. ദീപ എം.എ.യും ബി.എഡും പൂർത്തിയാക്കിയതാണ്. അധ്യാപികയായി ജോലി ചെയ്യുമ്പോൾ അച്ഛൻ മരിച്ചതാണ് മനസിന്റെ താളം തെറ്റാൻ ഇടയാക്കിയത്. അതേസമയം, മഹേന്ദ്രൻ ബിസിനസ് സ്റ്റഡീസിൽ ബിരുദാനന്തരബിരുദവും എം.ഫിലും പൂർത്തിയാക്കിയിട്ടുണ്ട്. ഐ.എം.എച്ച്. കാമ്പസിലെ ബേക്കറിയിലെ ജോലി ദീപയും ഡേകെയറിലെ ജോലി മഹേന്ദ്രനും തുടരാനാണ് തീരുമാനം. വിവാഹത്തിനുശേഷം ഒരുമിച്ച് താമസിക്കുവാനായി ഒരു വാടകവീടും ശരിയാക്കിയിട്ടുണ്ട്.