ന്യൂഡല്‍ഹി: മറ്റുള്ളവര്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യുന്നതാണ് നന്മ. നിത്യ ജീവിതത്തില്‍ അത്തരത്തില്‍ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നന്മ ചെയ്യുന്നവരുണ്ട്. ചിലരെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ ഒരു കാരുണ്യത്തിന്റെ കാഴ്ചയാണ് സോഷ്യല്‍ ലോകത്തിന്റെ കണ്ണ് നിറയ്ക്കുന്നത്.
രജത് ഉപാധ്യായ എന്ന ഫുഡ് വ്ളോഗറാണ് ആ കാഴ്ച പങ്കുവച്ചിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ തെരുവില്‍ തട്ടുകട നടത്തുന്ന മനോജ് എന്നയാളും ഷൂ പോളിഷ് ചെയ്യുകയും ചെരുപ്പ് തുന്നി കൊടുക്കുകയും ചെയ്യുന്ന വ്യക്തിയുമാണ് നന്മ കാഴ്ചയില്‍ നിറയുന്നത്. തട്ടുകടക്കാരന് ഷൂ പോളിഷ് ചെയ്യുന്ന യുവാവിന് സൗജന്യമായി ഭക്ഷണം നല്‍കിയിരിക്കുകയാണ്.
തന്റെ അടുത്ത് ഭക്ഷണം കഴിക്കാന്‍ എത്തിയ ആളോട് അയാളുടെ ജോലിയെക്കുറിച്ചും വരുമാനത്തെക്കുറിച്ചും അന്വേഷിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ന്യൂഡല്‍ഹിയിലെ നെഹ്റു പ്ലേസില്‍ ചെരുപ്പുകള്‍ പോളിഷ് ചെയ്തുനല്‍കുന്നതാണ് തന്റെ ജോലിയെന്ന് യുവാവ് മറുപടി നല്കുന്നു. ശേഷം പ്ലേറ്റില്‍ ചപ്പാത്തി, ചോറ്, പരിപ്പ്കറി എന്നിവയെടുത്ത് ചെരുപ്പ് പോളിഷ് ചെയ്യുന്ന ആള്‍ക്ക് മനോജ് കൈമാറുന്നുണ്ട്.
ഭക്ഷണം വാങ്ങി പോകാനൊരുങ്ങുമ്പോള്‍ എപ്പോഴെങ്കിലും വിശക്കുകയോ ഭക്ഷണം ആവശ്യമായി വരികയോ ചെയ്യുമ്പോള്‍ മടി കൂടാതെ തന്റെ കടയിലെത്താനും
മനോജ് നിര്‍ദേശിക്കുന്നുണ്ട്. എപ്പോള്‍ വന്നാലും താന്‍ സൗജന്യമായി ഭക്ഷണം നല്‍കുമെന്നും മനോജ് പറയുന്നുണ്ട്. എല്ലാ ദിവസവും താന്‍ ഒരേ സ്ഥലത്ത് തന്നെയാണ് കട നടത്തുന്നതെന്നും മനോജ് പറയുന്നുണ്ട്.
മനോജിന്റെ ഈ ദയ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്. 30 ലക്ഷത്തിന് അടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. മനോജിനെപ്പോലെ സംസാരിക്കാനുള്ള ധൈര്യം അധികമാളുകള്‍ക്കും ഉണ്ടാകില്ലെന്ന് വീഡിയോ കണ്ട് ഒരാള്‍ അഭിപ്രായപ്പെട്ടു. ധാരാളം പണം ഉണ്ടെങ്കില്‍ ഒരാള്‍ ധനികനാകില്ലെന്നും എന്നാല്‍ നല്ലൊരു ഹൃദയത്തിന് ഉടമയാകുമ്പോള്‍ അയാള്‍ സമ്പന്നനാകുമെന്നുമാണ് കമന്റുകള്‍ നിറയുന്നത്.
Discussion about this post