ദാമോ: തന്റെ ഭാര്യയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് ഉയര്‍ന്ന ജാതിക്കാരനായ യുവാവ് ദളിത് യുവാവിനേയും കുടുംബത്തേയും വെടിവെച്ചു കൊലപ്പെടുത്തി. മുപ്പതു വയസ്സുകാരനായ മനാക് അഹിര്‍വാറും മാതാപിതാക്കളുമാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ദേവ്രാന്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
കേസില്‍ അയല്‍ക്കാരന്‍ കൂടിയായ ജഗദീഷ് പാട്ടീലിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ വീട് ബിജെപി സര്‍ക്കാര്‍ ഇടിച്ചുനിരത്തുകയും ചെയ്തിട്ടുണ്ട്. ക്രിമിനലുകളുടെ വാസസ്ഥലം തകര്‍ക്കുന്ന സര്‍ക്കാര്‍ പോളിസി പാലിച്ചാണ് ഇടിച്ചുനിരത്തല്‍.
അതേസമയം, ജഗദീഷിന്റെ ഭാര്യയെ മനാക് ശല്യംചെയ്തെന്ന് ആരോപിച്ചായിരുന്നു മനാകിന്റെ കുടുംബത്തെ സംഘം ആക്രമിച്ചത്. മുന്‍പ് തന്നെ ജഗദീഷും മനാകിന്റെ കുടുംബവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
ഇതിനിടെയാണ് ജഗദീഷും കൂട്ടാളികളായ അഞ്ചു പേരും ചേര്‍ന്ന് മനാകിന്റെ വീട്ടിലെത്തി മനാക് ഭാര്യയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് കുടുംബത്തിനുനേരെ വെടിയുതിര്‍ത്തത്. മനാകും മാതാപിതാക്കളും സംഭവസ്ഥലത്തു തന്നെ മരിച്ചു. മനാകിന്റെ സഹോദരന്‍ മഹേഷ് അഹിര്‍വാര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ഒളിവില്‍പോയ ജഗദീഷിന്റെ കൂട്ടാളികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. ജഗദീഷിനെതിരെ കൊലക്കുറ്റത്തിനും പട്ടികജാതി-പട്ടികവര്‍ഗ സംരക്ഷണ നിയമപ്രകാരവുമുള്ള കേസെടുത്തു.