ബംഗളൂരു: പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം. ഹുക്കേരി താലൂക്ക് ഹട്ടരഗി സ്വദേശിയായ വർധൻ ഈരണ്ണ ബ്യാരിയാണ് മരിച്ചത്. ബെലഗാവി ഗാന്ധിനഗർ പാലത്തിന് സമീപമായിരുന്നു അപകടം നടന്നത്.
അച്ഛൻ ഓടിച്ച ബൈക്കിന്റെ മുന്നിലിരുന്ന കുട്ടിയുടെ കഴുത്തിൽ പട്ടത്തിന്റെ നൂൽ കുരുങ്ങുകയായിരുന്നു. ബൈക്ക് ഉടനടി നിർത്തിയെങ്കിലും കുട്ടിയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപാവലി ആഘോഷത്തിന് പടക്കംവാങ്ങാൻ പിതാവിനൊപ്പം നഗരത്തിലെത്തിയതായിരുന്നു കുട്ടി.
നേരത്തേ ഗ്ലാസ് പൊടിയും മറ്റ് രാസവസ്തുക്കളും പുരട്ടി ബലപ്പെടുത്തിയ നൂലുള്ള പട്ടങ്ങൾ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. പൊതുജനങ്ങളുടെ ജീവൻ അപകടത്തിൽപ്പെടുന്നത് കണ്ടാണ് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, ഇത്തരം നൂലുകൾ വീണ്ടും സജീവമാകുകയാണ്. ഇത്തരം പട്ടങ്ങൾ വിൽക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post