കോയമ്പത്തൂര്‍: ഞായറാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിലെ ടൗണ്‍ഹാളിന് സമീപത്ത് വെച്ച് കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തില്‍ തീവ്രവാദ സംഘടനയായ അല്‍ ഉമയിലേക്കും അന്വേഷണം. കൂടാതെ കോട്ടൈ ഈശ്വരന്‍ കോവിലിന് മുന്നിലുണ്ടായ ഈ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ജിഎം നഗര്‍ ഉക്കടം സ്വദേശികളായ ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയീല്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് തല്‍ഹ എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബിനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
കോട്ടൈ ഈശ്വരന്‍ കോവിലിന് മുന്നില്‍ നിര്‍ത്തിയിട്ട കാറാണ് പൊട്ടിത്തെറിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു സിലിന്‍ഡറുകളിലൊന്ന് തുറന്ന് വിട്ട് സ്‌ഫോടനമുണ്ടാക്കി എന്നാണ് സംശയം. സ്ഫോടനത്തില്‍ കാര്‍ രണ്ടായി പിളര്‍ന്നിരുന്നു. എഞ്ചിനിയറിങ് ബിരുദമുള്ള ജമീഷയെ 2019ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.