ഭോപ്പാല്‍: പീഡിപ്പിച്ച പെണ്‍കുഞ്ഞിനെ ജീവനോടെ വിടാനുള്ള ദയവ്കാണിച്ച പ്രതിയുടെ ശിക്ഷ ജീവപര്യന്തത്തില്‍ നിന്നും 20 വര്‍ഷമായി കുറച്ച് ഹൈക്കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന്റെ വിധിയാണ് വിവാദമായിരിക്കുന്നത്.
2007 -ലാണ് ഇന്‍ഡോറില്‍ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ രാം സിംഗ് എന്ന നാല്‍പതുകാരന്‍ അറസ്റ്റിലാവുന്നത് (അന്ന് 25 വയസ്). പിന്നാലെ, 2009 ഏപ്രിലില്‍ ഒരു അഡീഷണല്‍ സെഷന്‍സ് ജഡ്ജി (ഇന്‍ഡോര്‍) ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍, ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് 2009 മെയ് മാസത്തില്‍ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സെപ്തംബര്‍ 28 -ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ സുബോധ് അഭ്യങ്കര്‍, സത്യേന്ദ്ര കുമാര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് എന്നാല്‍ കേസില്‍ നടത്തിയ നിരീക്ഷണം ഇങ്ങനെ: ‘പ്രതിക്ക് ഒരു സ്ത്രീയുടെ അന്തസിനോട് യാതൊരു ബഹുമാനവുമില്ല. ചെയ്തത് പൈശാചികപ്രവൃത്തിയാണ്. പ്രതി പീഡിപ്പിച്ചത് നാല് വയസുള്ള പെണ്‍കുഞ്ഞിനെയാണ് എന്നത് പരിഗണിക്കുമ്പോള്‍ ഇയാളുടെ ശിക്ഷ കുറക്കേണ്ടതായും തോന്നുന്നില്ല.
എന്നിരുന്നാലും പെണ്‍കുട്ടിയെ ജീവനോടെ വിടാന്‍ ഇയാള്‍ ദയ കാണിച്ചു എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഇയാളുടെ ജീവപര്യന്തം തടവ് 20 വര്‍ഷത്തെ കഠിന തടവായി കുറക്കണം എന്നാണ് കോടതിയുടെ അഭിപ്രായം.’ പതിനഞ്ച് വര്‍ഷം ഇയാള്‍ ശിക്ഷ അനുഭവിച്ച് കഴിഞ്ഞു. ഇനി അഞ്ച് വര്‍ഷം കൂടി തടവ് അനുഭവിച്ചാല്‍ മതിയാവും.
2007 മെയ് 31 -ന് ഇന്‍ഡോറിലാണ് രാം സിംഗ് കുഞ്ഞിനെ പീഡിപ്പിച്ചത്. കുഞ്ഞ് മുത്തശ്ശിക്ക് പിന്നാലെ തന്റെ കുടിലില്‍ നിന്നും പുറത്തിറങ്ങിയതാണ്. അന്ന് 25 -കാരനായ സിംഗ് അടുത്തുള്ള ഒരു ടെന്റിലായിരുന്നു താമസം. അയാള്‍ കുട്ടിയെ ഒരു രൂപ തരാം എന്ന് പറഞ്ഞ് ടെന്റിനകത്തേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു.
ബലാത്സംഗം നടന്നതിന് ദൃക്‌സാക്ഷികളില്ലെന്നും മതിയായ തെളിവുകളില്ലെന്നുമാണ് പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, സംശയാതീതമായി കുറ്റം തെളിയിക്കപ്പെട്ടിരിക്കുകയാണ് എന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.