കൊല്ലം: പോലീസ് സ്റ്റേഷനില്‍ വെച്ച് സൈനികനെയും സഹോദരനെയും മര്‍ദിച്ച് കേസില്‍ കുടുക്കിയെന്ന പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇരകളും കുടുംബവും. കൊല്ലം ജില്ലയിലെ കിളികൊല്ലൂരിലാണ് സംഭവം. വിഷ്നേഷ് എന്ന യുവാവിനും സഹോദരനായ വിഷ്ണുവിനുമെതിരെയാണ് കേസെടുത്തത്.
പ്രതികാര ബുദ്ധിയോടെ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചുവെന്ന് വിഘ്നേഷ് പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15നായിരുന്നു എംഡിഎംഎ കേസിലുളളയാളെ കാണാന്‍ വിഘ്നേഷും സഹോദരന് വിഷ്ണുവും സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയെന്നും എസ്ഐയെ ആക്രമിച്ചു എന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.
എന്നാല്‍ തന്നെയും സഹോദരനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിതാണെന്നും എംഡിഎംഎ കേസിലുളളയാളെ ജാമ്യത്തിലിറക്കണമെന്ന ആവശ്യം നിഷേധിച്ചതോടെ പോലീസ് മര്‍ദിക്കുകയായിരുന്നുവെന്നും വിഘ്നേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
also read:സമരപോരാട്ടങ്ങളുടെ ‘ഉദയസൂര്യന്’; കേരളത്തിന്റെ സ്വന്തം വിഎസ് നൂറാം വയസ്സിലേക്ക്
പീഡനമുറയ്ക്ക് എസ്ഐ അനീഷ്, സിഐ വിനോദ് എന്നിവര്‍ നേതൃത്വം നല്‍കിയെന്നും മണികണ്ഠന്, ലോകേഷ് എന്നീ പൊലീസുകാരന്മാരും തങ്ങളെ മര്‍ദിച്ചുവെന്നും വിഘ്നേഷ് പറയുന്നു. സൈനികനായ സഹോദരന്റെ ചൂണ്ടുവിരല്‍ തല്ലിയൊടിച്ചുവെന്നും തോക്കിന്റെ കാഞ്ചിവലിക്കാന്‍ പറ്റാത്ത രീതിയിലാക്കുമെന്ന ഭീഷണിയോടെയാണ് വിരല്‍ ഒടിച്ചതെന്നും വിഘ്നേഷ് പറഞ്ഞു.
കൂടാതെ ദാഹിച്ച് വലഞ്ഞ് വെള്ളം ചോദിച്ച സഹോദരങ്ങളോട് മൂത്രം കുടിക്കാനും പൊലീസ് പറഞ്ഞെന്നും പരാതിയുണ്ട്. സംഭവത്തില്‍ വിഷ്നേഷിന്റെയും വിഷ്ണുവിന്റെയും അമ്മയും പരാതിയുമായി രംഗത്തെത്തി. മകന്റെ വിവാഹ സ്വപ്നങ്ങള്‍ പൊലീസുകാര്‍ തകര്‍ത്തെന്ന് അമ്മ നെഞ്ചുപൊട്ടി പറയുന്നു.
മക്കളുടെ ജീവിതം തകര്‍ത്ത പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് അമ്മ പറയുന്നു. തങ്ങളെ കള്ളകേസില്‍ കുടുക്കിയ നാലു പൊലീസുകാരെ സ്ഥലം മാറ്റിയെങ്കിലും സി.ഐക്കെതിരെ നടപടിയില്ലെന്നും വിഘ്നേഷ് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
Discussion about this post