കൊൽക്കത്ത: സ്വന്തം രക്തം വിറ്റ് സ്മാർട്ട് ഫോൺ വാങ്ങാൻ പണം കണ്ടെത്താൻ ഇറങ്ങിയ 16കാരിയാണ് ഇന്ന് വാർത്തകളിൽ നിറയുന്നത്. സൗത്ത് ബംഗാൾ ദിനജ് പുരിലെ കാർഡ പോലീസ് സ്റ്റേഷനിലുള്ളവരും ചൈൽഡ് ലൈൻ പ്രവർത്തകരുമെല്ലാം ഒരുപോലെ ഞെട്ടിയിരിക്കുകയാണ് പ്ലസ്ടു വിദ്യാർഥിനിയുടെ പ്രവർത്തിയിൽ. സ്മാർട്ട് ഫോൺ വാങ്ങാൻ 9000 രൂപയാണ് കുട്ടി ലക്ഷ്യമിട്ടത്.
പക്ഷെ വീട്ടിൽ നിന്ന് കിട്ടില്ലെന്ന് ഉറപ്പും ആയിരുന്നു. തുടർന്നാണ് രക്തം വിൽക്കാനായി ബലൂർഗഢിലെ ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലേക്ക് പെൺകുട്ടി എത്തിയത്. 9000 രൂപ തന്നാൽ രക്തം നൽകാമെന്നായിരുന്നു കുട്ടിയുടെ വാഗ്ദാനം. എന്നാൽ രക്തത്തിന് പണം ആവശ്യപ്പെട്ടതിൽ സംശയം തോന്നിയതോടെ രക്തബാങ്ക് ജീവനക്കാർ പോലീസിനെയും ചൈൽഡ് ലൈനിനേയും വിവരം അറിയിച്ചു.
തുടർന്ന് കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് 9000 രൂപയുടെ ഫോൺ സുഹൃത്ത് വഴി ഓൺലൈനിൽ ഓർഡർ ചെയ്തതിനെ കുറിച്ചും ഇതിനുള്ള പണം കണ്ടെത്താനായാണ് രക്തം വിൽക്കാൻ തീരുമാനിച്ചതെന്നും കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ വീട്ടിൽ നിന്നും 30 കി.മി അകലെയാണ് ആശുപത്രി. അമ്മയോട് കള്ളം പറഞ്ഞ് വീട് വിട്ട് സൈക്കിളിൽ ടൗണിലെത്തിയ ശേഷം ബസ്സിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
നഗരത്തിൽ പച്ചക്കറി വിൽപ്പനക്കാരനാണ് പെൺകുട്ടിയുടെ അച്ഛൻ. അച്ഛൻ വീട്ടിലില്ലാത്ത സമയത്താണ് കുട്ടി അമ്മയോട് കളവ് പറഞ്ഞ് വീട് വീട്ടത്. രക്തത്തിന് പണം നൽകിയാൽ ആ പണം സഹോദരന്റെ ചികിത്സയ്ക്ക് ഉപയോഗിക്കാമെന്നായിരുന്നു കുട്ടി ആദ്യം ബ്ലഡ് ബാങ്ക് അധികൃതരോട് പറഞ്ഞത്. സംശയം തോന്നിയത്തോടെയാണ് അധികൃതരെ വിവരം അറിയിച്ചത്.
Discussion about this post