അഹമ്മദാബാദ്: ഗോ മാംസം വില്‍ക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ റാപ്പിഡ് ഡിഎന്‍എ പരിശോധനയുമായി ഗുജറാത്ത്. പിടികൂടുന്ന മാംസം ഒരു മണിക്കൂറിനുള്ളില്‍ പരിശോധിച്ച് ഗോമാംസം ആണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ സഹായിക്കുന്ന ലാംപ് ഡിഎന്‍എ പരിശോധനയാണ് നടത്തുന്നത്.
ലാംപ് ഡിഎന്‍എ എന്ന സംവിധാനത്തിലൂടെ അഹമ്മദാബാദിലും ഗാന്ധിനഗറിലും ലാബ് പ്രവര്‍ത്തിച്ചു തുടങ്ങി. രാജ്യത്ത് ഇത്തരത്തില്‍ ഡിഎന്‍എ പരിശോധന സംവിധാനം ഒരുക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് ഗുജറാത്ത്.
സാധാരണ രീതിയില്‍ മാംസം പശുവിന്റേതാണോ അല്ലയോ എന്ന് സ്ഥിരീകരിക്കുന്ന സീറോളജിക്കല്‍ അനാലിസിസ്, ഡിഎന്‍എ അനാലിസിസ് തുടങ്ങിയ പരമ്പരാഗത രീതികള്‍ രാജ്യത്തുണ്ട്. എന്നാല്‍ ഇതിന്റെ ഫലം അറിയാന്‍ ഒന്നിലധികം ദിവസം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് റാപ്പിഡ് ഡിഎന്‍എ പരിശോധന നടപ്പിലാക്കുന്നത്.
Read Also: ടൈല്‍ ഇറക്കാന്‍ പതിനായിരം രൂപ ആവശ്യപ്പെട്ട് ബിഎംഎസ് യൂണിയന്‍: ഒറ്റയ്ക്ക് ലോഡിറക്കി വീട്ടമ്മ
പരമ്പരാഗത പരിശോധനയില്‍ സാമ്പിള്‍ വളരെ നേരം സാധാരണ താപനിലയില്‍ തുറന്നുവെച്ചാല്‍ പരിശോധന ഫലത്തെ ബാധിക്കുമെന്ന് നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റി സീനിയര്‍ ഫാക്കല്‍റ്റി നികുഞ്ജ് ബ്രഹ്‌മഭട്ട് പറഞ്ഞു.
ലാംപ് ഡിഎന്‍എ രീതി ഉപയോഗിച്ച് സാമ്പിള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ പരിശോധിച്ച് സ്ഥിരീകരിക്കാന്‍ കഴിയും. വേവിച്ച മാംസങ്ങളില്‍ നിന്നും പശുവിറച്ചി കണ്ടുപിടിക്കാന്‍ സാധിക്കുമെന്നും ബ്രഹ്‌മഭട്ട് പറഞ്ഞു. പിടിച്ചെടുത്ത മാംസത്തില്‍ ഒന്നില്‍ കൂടുതല്‍ മാംസങ്ങള്‍ ഉണ്ടായിരിക്കാം. ഇത് പുതിയ രീതിയില്‍ പെട്ടന്ന് കണ്ടു പിടിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.