ചെന്നൈ: വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ദക്ഷിണേന്ത്യന്‍ നടി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിനോട് പ്രതികരിച്ചിരിക്കുകയാണ് താരദമ്പതികള്‍.
തങ്ങള്‍ ആറ് വര്‍ഷം മുന്‍പ് വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിന് നടപടികള്‍ തുടങ്ങിയതെന്നും താരദമ്പതികള്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
വിവാഹ റജിസ്റ്റര്‍ രേഖകളും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിയാതെ വാടക ഗര്‍ഭധാരണത്തിന് നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങള്‍ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടികാണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് വാടക ഗര്‍ഭധാരണത്തിനുള്ള നിയമങ്ങള്‍ താരം ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കില്‍ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തെ പുറത്തായിരുന്നു. ദുബായില്‍ താമസിക്കുന്ന മലയാളിയാണ് വാടക ഗര്‍ഭം ധരിച്ചതന്നെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഇതോടെ താരങ്ങള്‍ക്കെതിരെ നടപടിയ്ക്ക് സാധ്യതയില്ല.