ചെന്നൈ: തമിഴ്‌നാട്ടിലും നരബലിയ്ക്ക് ശ്രമം. പരാതിയെ തുടര്‍ന്ന് തമിഴ്‌നാട് തിരുവണ്ണാമലയില്‍ പോലീസ് വീട് തകര്‍ത്ത് ആറുപേരെ അറസ്റ്റ് ചെയ്തു. മൂന്നുദിവസമായി വീട് അടച്ചിട്ട് പൂജ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചു പേരെയും മന്ത്രവാദിയെയുമാണ് അറസ്റ്റ് ചെയ്തത്.
പൂജ തടസപ്പെടുത്തിയാല്‍ സ്വയം ബലി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് തഹസീല്‍ദാരും പൊലീസും വീടിനകത്തേക്ക് കയറിയത്.
തിരുവണ്ണാമല ജില്ലയിലെ ആറണി എസ് വി നഗറില്‍ താമസിക്കുന്ന തരമണിയുടെ വീട്ടിലാണ് കഴിഞ്ഞ മൂന്നു ദിവസമായി പൂജ നടന്നിരുന്നത്. രാവിലെ വീട്ടില്‍ നിന്നു കരച്ചില്‍ കേട്ട അയല്‍വാസികള്‍ പോലീസിനെയും തഹസീല്‍ദാരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ തഹസില്‍ദാരും പോലീസും വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ തുറക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് ഫയര്‍ ഫോഴ്സിന്റെ സഹായം തേടാന്‍ പോലീസ് തീരുമാനിച്ചു. എന്നാല്‍ വീടിനകത്തേക്ക് പ്രവേശിച്ചാല്‍ സ്വയം ബലി നല്‍കുമെന്ന് വീട്ടുകാര്‍ ഭീഷണി മുഴക്കി. ഇതോടെ നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് വാതില്‍ തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ അകത്തു കയറിയത്. വീടിനുള്ളില്‍ കയറിയ തഹസീല്‍ദാരെയും പോലീസിനെയും പൂജക്ക് നേതൃത്വം നല്‍കിയ വ്യക്തി അപായപ്പെടുത്താന്‍ ശ്രമിച്ചു. വീട്ടുടമ തരമണി, ഭാര്യ കാമാക്ഷി, മകനും താമ്പരത്തെ സായുധ സേന യൂണിറ്റിലെ പോലീസുകാരനുമായ ഭൂപാല്‍, മറ്റൊരു മകന്‍ ബാലാജി , മകള്‍ ഗോമതി, മന്ത്രവാദി പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്.
മുറിവേറ്റ് ചോര ഒലിച്ച നിലയിലായിരുന്നു കുടുംബാംഗങ്ങള്‍. മുറിയിലാകെ പാവകള്‍ നിരത്തിയിട്ടിരുന്നു. വീട്ടിനുള്ളില്‍ മൃഗബലി നടന്നതിന്റെ തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്. സ്വയം ബലി നല്‍കുമെന്ന ഭീഷണിയെ കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്. ഇവരെ ഗുരുതര വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു, കോടതി റിമാന്‍ഡ് ചെയ്തു