ന്യൂഡല്‍ഹി: ബാര്‍ട്ടര്‍ സമ്പ്രദായം പരീക്ഷിച്ച് റയില്‍വേ. ട്രെയിനുകളില്‍ ഇനിമുതല്‍ പരസ്യം അനുവദിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ പണം ഈടാക്കില്ല. പകരം യാത്രക്കാര്‍ക്കുളള സാധനങ്ങളായും സേവനങ്ങളായും പ്രതിഫലം ഈടാക്കും. റെയില്‍വേ തുടക്കം കുറിച്ച പുതിയ ‘ബാര്‍ട്ടര്‍’ സംവിധാനത്തിന്റെ ഭാഗമാണ് അത്തരം സൗകര്യങ്ങള്‍. പണം നിലവില്‍ വരുന്നതിന് മുന്‍പ് വസ്തുക്കള്‍ പരസ്പരം കൈമാറിയിരുന്ന രീതിയാണ് ബാര്‍ട്ടര്‍.
റെയില്‍വേ ബോര്‍ഡിന് കീഴിലുളള ട്രാന്‍സ്ഫര്‍മേഷന്‍ സെല്‍ തയ്യാറാക്കിയ കരട് നയം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ആലോചന. ഇത് സംബന്ധിച്ച ഔദ്യോഗിക നിര്‍ദേശം ഡിസംബര്‍ 27 ന് ജനറല്‍ മാനേജര്‍മാര്‍ക്ക് ലഭിച്ചു. യാത്രക്കാരെയും പരസ്യ ദാതാവിനെയും ഒരേ സമയം സന്തുഷ്ടരാക്കാനും ചെലവ് കുറയ്ക്കാനുമാണ് റെയില്‍വേയുടെ ശ്രമം.