ഇത്തവണത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ചിത്രം ചെല്ലോ ഷോയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം രാഹുല്‍ കോലി അന്തരിച്ചു. 15 വയസായിരുന്നു. അര്‍ബുദ ബാധിതനായ രാഹുല്‍ ചെല്ലോ ഷോയിലെ ആറ് പ്രധാന ബാലതാരങ്ങളില്‍ ഒരാളായിരുന്നു.
ഞായറാഴ്ച രാഹുലിന് തുടര്‍ച്ചയായി പനിയുണ്ടായിരുന്നെന്നും മൂന്ന് തവണ രക്തം ഛര്‍ദിച്ചിരുന്നെനന്നും പിതാവ് രാമു കോലി മാധ്യമങ്ങളെ അറിയിച്ചു. രാമു കോലിയുടെ മൂത്ത മകനാണ് രാഹുല്‍. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്‌കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്.
അവസാന സിനിമാ പ്രദര്‍ശനം എന്നാണ് ചെല്ലോ ഷോ എന്ന വാക്കിന്റെ അര്‍ത്ഥം.ഈ മാസം പതിനാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സംവിധായകന്‍ പാന്‍ നളിന്റെ കുട്ടിക്കാലത്തെ ഓര്‍മകളെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഒമ്പത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലന്‍ സിനിമാ പ്രൊജക്ടര്‍ ടെക്‌നീഷ്യനായ ഫസലിനൊപ്പം സിനിമകള്‍ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് ‘ചെല്ലോ ഷോ’യുടെ ഇതിവൃത്തം.
ചിത്രത്തില്‍ ഭവിന്‍ റബാരിയയെന്ന ബാലതാരമാണ് പ്രധാന കഥാപാത്രമായ സമയ് എന്ന ബാലനായി എത്തുന്നത്. പ്രൊജക്ടര്‍ ടെക്‌നീഷ്യന്‍ ഫസലിന്റെ വേഷത്തില്‍ ഭാവേഷ് ശ്രീമലിയും എത്തുന്നു. റിച്ച മീന, ദീപന്‍ റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍.