ന്യൂഡല്‍ഹി: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ എഎപിയെ വിജയത്തിലെത്തിച്ചാല്‍ അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്ക് സൗജന്യ യാത്രയെന്ന് വാഗ്ദാനം ചെയ്ത് അരവിന്ദ് കേജരിവാള്‍. ഒറ്റ വോട്ട് പോലും കോണ്‍ഗ്രസിന് പോകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രാമ ക്ഷേത്ര യാത്ര വാഗ്ദാനം.
ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും കേജ്രിവാള് ആരോപിച്ചു. ദഹോദില്‍ നടന്ന സമ്മേളനത്തിലാണ് കേജരിവാളിന്റെ പ്രഖ്യാപനം. ഗുജറാത്തില്‍ മതപരിവര്‍ത്തന വിവാദവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ വന്നതിന് പിന്നാലെയാണ് കേജരിവാളിന്റെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മാനിനൊപ്പമായിരുന്നു കേജരിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനം. ഗുജറാത്തിലെ റോഡുകളുടെ മോശം അവസ്ഥയേക്കുറിച്ചും കേജരിവാള്‍ സമ്മേളനത്തില്‍ ആഞ്ഞടിച്ചു. ഗുജറാത്തിലെ റോഡുകള്‍ മികച്ചതാണെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ഇപ്പോഴുള്ള മോശം റോഡുകള്‍ മൂലം ഒരു മണിക്കൂര്‍ സമയമുള്ള യാത്ര മൂന്ന് മണിക്കൂറായി.
ഡിസംബര്‍ 1ന് എഎപി അധികാരത്തിലെത്തുമ്പോള്‍ ആദ്യം ചെയ്യുക പ്രധാന റോഡിലെ അറ്റകുറ്റ പണികള്‍ ആറുമാസത്തിനുള്ളില്‍ ചെയ്യും. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ റോഡുകളും പുനരുദ്ധരിക്കുമെന്നും കേജ്രിവാള് പറഞ്ഞു. വഡോദരയില്‍ എഎപി ബിജെപി സംഘര്‍ഷത്തിലേക്ക് നയിച്ച എഎപി വിരുദ്ധ പോസ്റ്ററുകളേക്കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു കേജരിവാളിന്റെ പ്രസംഗം.
അയോധ്യയിലെ രാമക്ഷേത്രം അടുത്തവര്‍ഷം തയ്യാറാകും. ഡല്‍ഹിയില്‍ രാമഭക്തരെ അയോധ്യയിലേക്ക് സൗജന്യമായി കൊണ്ടുപോകുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. വീട്ടില്‍ നിന്ന് രാമഭക്തരെ കൂട്ടിക്കൊണ്ട് പോയി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരികെ വീട്ടിലെത്തിക്കുന്നത് വരെയുള്ള സകല കാര്യങ്ങളും സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നിങ്ങളേയും ഇത്തരത്തില്‍ അയോധ്യയിലേക്ക് സൗജന്യമായി കൊണ്ടുപോകാമെന്നും കേജരിവാള്‍ വാഗ്ദാനം ചെയ്തു.
Discussion about this post