ചെന്നൈ: ഓൺലൈൻ ചൂതാട്ട കളികൾക്കും മറ്റും അടിമപ്പെട്ട് പ്രായഭേദ വ്യത്യാസമില്ലാതെ ആത്മഹത്യകൾ കൂടിവരുന്ന സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങളിലേയ്ക്ക് കടന്ന് തമിഴകം. ഓൺലൈൻ റമ്മി പോലുള്ള ഓൺലൈൻ ഗെയിമുകൾ നിരോധനം ഏർപ്പെടുത്തി. നിരോധനത്തിനുള്ള ഓർഡിനൻസിനു ഗവർണർ ആർ.എൻ.രവി അംഗീകാരം നൽകി. വരുന്ന 17നു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ നിയമമായി മാറുമെന്ന് അധികൃതർ അറിയിച്ചു.
ഓൺലൈൻ ഗെയിമുകൾ കളിച്ച് കടുത്ത സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യകൾ വർധിക്കുന്നതായി റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതോടെ ഇത്തരം ഗെയിമുകൾ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു. സമിതി ജൂൺ 27ന് മുഖ്യമന്ത്രി സ്റ്റാലിന് റിപ്പോർട്ട് സമർപ്പിച്ചു.
റിപ്പോർട്ട് അന്നുതന്നെ മന്ത്രിസഭയിലും സമർപ്പിച്ചു. തുടർന്ന്, പൊതുജനങ്ങളുടെ അഭിപ്രായം തേടിയതിന് പിന്നാലെയാണ് നിരോധനത്തിനുള്ള നടപടികൾ സ്വീകരിച്ചു വന്നത്. സ്കൂൾ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ഓർഡിനൻസ് തയാറാക്കി. ഓഗസ്റ്റ് 29ന് ചേർന്ന മന്ത്രിസഭാ യോഗവും ഇത് അംഗീകരിച്ചതോടെയാണു ഗവർണറുടെ അംഗീകാരത്തിനായി അയച്ചത്.
കഴിഞ്ഞ ദിവസമാണ് 23 കാരൻ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കിയത്. കളിച്ച് പണം പോയതിന് പുറമെ ശരീരത്തിൽ കിടന്നിരുന്ന സ്വർണ്ണാഭരണങ്ങളും വിറ്റ് റമ്മി കളിച്ചിരുന്നു. അതും നഷ്ടപ്പെട്ടതോടെയാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്.
Discussion about this post