തൃശൂർ: ‘മകനേ, നിനക്ക് അവസാനമായി ഒരു ‘ഓൾ ദ് ബെസ്റ്റ്’ ചേതനയറ്റ് കിടക്കുന്ന മകന് വലതുകയ്യിലെ തള്ളവിരൽ ഉയർത്തിക്കാട്ടി അമ്മ ലതിക പറഞ്ഞത് കണ്ണീർ കാഴ്ചയാകുന്നു. ബാസ്‌കറ്റ് ബോൾ ദേശീയ താരമാകണമെന്ന രോഹിത് രാജിന്റെ മോഹത്തിന് അമ്മ ലതിക അണിയിച്ചു കൊടുത്ത ജഴ്‌സി ചേർത്തുപിടിച്ചാണ് അന്ത്യയാത്രയിൽ ഇരുന്നത്.
കഴിഞ്ഞ പുലർച്ചെ വടക്കഞ്ചേരിയിൽ ബസപകടത്തിൽ മരിച്ച നടത്തറ മൈനർ റോഡ് സ്വദേശി തെക്കൂട്ട് രവിയുടെ മകൻ 24കാരനായ രോഹിത് രാജിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴായിരുന്നു നോവുന്ന നിമിഷങ്ങൾ നടന്നത്. ബാസ്‌കറ്റ്‌ബോൾ കോർട്ടുകളിൽ രോഹിതിനെ കൊണ്ടുനടന്നിരുന്നത് പൂച്ചട്ടി ഭാരതീയ വിദ്യാഭവനിലെ അധ്യാപിക കൂടിയായ അമ്മ ലതികയാണ്. അമ്മയുടെ പ്രാർത്ഥനയും പിന്തുണയും വൈകാതെ രോഹിത് ജില്ലാ ടീമിലെത്തിച്ചു. കോയമ്പത്തൂരിൽ ബാസ്‌കറ്റ് ബോൾ പരിശീലനം തുടങ്ങി. ഒപ്പം, പഠനവും ചെറിയ ജോലിയും.
തമിഴ്‌നാട് ബാസ്‌കറ്റ് ബോൾ ടീമിൽ ഇടം കിട്ടാനുള്ള സാധ്യത ഏറെയായിരുന്നു. ദേശീയ ക്യാംപിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന സഹോദരിയെ കണ്ടു മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായ അപകടം നടന്നത്. മൃതദേഹത്തിനരികിൽ വിലപിച്ചു തളർന്ന മകൾ ലക്ഷ്മിയെ ആശ്വസിപ്പിച്ചു നിർത്തിയതും ആ അമ്മ തന്നെയായിരുന്നു. അപകടമുണ്ടായ ബസുകളിലെ കെഎസ്ആർടിസി ബസ് യാത്രക്കാരനായിരുന്നു രോഹിത് രാജ്.
Discussion about this post