ബംഗളൂരു: റെയില്‍വേ പാളത്തില്‍ കിടന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ തീവണ്ടിയുടെ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വേഗംകുറച്ച് രക്ഷപ്പെടുത്തി ലോക്കോ പൈലറ്റ്. കഴിഞ്ഞ ദിവസം രാവിലെ ബൈയപ്പനഹള്ളി ലൂപ്പ് ലൈനിലാണ് സംഭവമുണ്ടായത്.
ബംഗളൂരുവില്‍നിന്ന് കോലാറിലേക്ക് പോവുകയായിരുന്നു തീവണ്ടി. ഇതിന് മുന്നിലേക്ക് ചാടിയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ കണ്ട ലോക്കോ പൈലറ്റ് ഖാലിദ് അഹമ്മദ് ഉടന്‍ തന്നെ എമര്‍ജന്‍സി ബ്രേക്കുകള്‍ ഉപയോഗിച്ച് തീവണ്ടിനിര്‍ത്തുകയായിരുന്നു. തീവണ്ടിയുടെ വേഗം കുറഞ്ഞതോടെ ലോക്കോ പൈലറ്റ് പുറത്തിറങ്ങി യുവതിയെ ആശ്വസിപ്പിക്കാനും ശ്രമിച്ചു.
എന്നാല്‍ ഇവര്‍ ഒന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ ആത്മഹത്യചെയ്യുമെന്ന് പറഞ്ഞ് വീണ്ടും റെയില്‍വേ ട്രാക്കിന്റെ മധ്യത്തിലൂടെ നടക്കാന്‍ തുടങ്ങുകയായിരുന്നു. തുടര്‍ന്ന് ലോക്കോ പൈലറ്റ് ബൈയപ്പനഹള്ളി സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചു.
ഇതേതുടര്‍ന്ന് സ്റ്റേഷന്‍മാസ്റ്ററും ജീവനക്കാരും സ്ഥലത്തെത്തി യുവതിയെ റെയില്‍വേ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ യുവതിയെ കൗണ്‍സലിങ് നല്‍കിയതിന് ശേഷം കുടുംബത്തോടൊപ്പം പറഞ്ഞയച്ചു.