ലഖ്നൗ: ഭര്‍ത്താവിന്റെ ശമ്പളം എത്രയാണെന്ന് അറിയാന്‍ വിവരാവകാശ അപേക്ഷയുമായി യുവതി. തന്റെ ശമ്പളം എത്രയാണെന്ന് വെളിപ്പെടുത്താന്‍ യുവതിയുടെ ഭര്‍ത്താവ് തയാറായില്ല. പലവട്ടം ചോദിച്ചിട്ടും പറഞ്ഞില്ല. ഇതോടെ വഴക്കിനൊന്നും പോവാതെ, പൊതു വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേടാനായി 2005ല്‍ പ്രാബല്യത്തില്‍ വന്ന വിവരാവകാശ നിയമത്തെ ആശ്രയിക്കുകയാണ് ഭാര്യ ചെയ്തത്.
യുപി ബറേയ്ലിയിലെ സഞ്ജു ഗുപ്തയെന്ന യുവതിയാണ് തന്റെ ഭര്‍ത്താവിന്റെ ശമ്പള വിവരങ്ങളറിയാന്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. ആദ്യഘട്ടത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും കേന്ദ്ര വിവരാവകാശ കമ്മീഷന് വരെ പോയി യുവതി തന്റെ പോരാട്ടത്തില്‍ വിജയിച്ചു. ശമ്പളം എത്രയെന്ന് അറിഞ്ഞിരിക്കുകയാണ്.
തുടക്കത്തില്‍, ബറേയ്ലിയിലെ ആദായനികുതി ഓഫീസിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (സി.പി.ഐ.ഒ)ക്കാണ് യുവതി വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഭര്‍ത്താവിന്റെ സമ്മതമില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ നല്കാന് സി.പി.ഐ.ഒ തയാറായില്ല. അപേക്ഷ നിരസിച്ചു. തുടര്‍ന്ന് യുവതി അപ്പീലിലൂടെ ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിയുടെ (എഫ്.ഐ.എ) സഹായം തേടി. എന്നാല്‍, എഫ്.എ.എ സി.പി.ഐ.ഒയുടെ ഉത്തരവ് ശരിവച്ചു.
ഇതാണ് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനില്‍ രണ്ടാമത്തെ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ചത്. യുവതിയുടെ അപേക്ഷ പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന് സുപ്രിംകോടതിയുടെയും ഹൈക്കോടതികളുടേയും മുന്‍കാല ഉത്തരവുകളും വിധികളും പരിശോധിച്ച് യുവതിക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
രസീത് ലഭിച്ച തീയതി മുതല്‍ 15 ദിവസത്തിനകം പൊതു അധികാരിയില്‍ ലഭ്യമായ ഭര്‍ത്താവിന്റെ അറ്റ നികുതി വരുമാനം/മൊത്ത വരുമാന വിശദാംശങ്ങള്‍ ഭാര്യക്ക് നല്‍കാനാണ് സി.ഐ.സി സി.പി.ഐ.ഒയോട് നിര്‍ദേശിച്ചത്.
Discussion about this post