മുംബൈ: എണ്‍പതുകളിലെ ഹിറ്റ് ഭക്തിപരമ്പയായിരുന്നു രാമായണം. അക്കാലത്ത് ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും അവതരിപ്പിക്കുന്ന പ്രധാനകഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകരില്‍ ദേവീ-ദേവന്മാരായിട്ട് തന്നെ കണ്ടിരുന്നു. രാമായണം സീരിയലില്‍ ശ്രീരാമനായി വേഷമിട്ടത് അരുണ്‍ ഗോവിലാണ്.
ഇപ്പോഴിതാ പരമ്പര കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും താരാധനയ്ക്ക് കുറവില്ല. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിലെത്തിയ അരുണ്‍ ഗോവിലിന്റെ കാല്‍ തൊട്ട് വന്ദിച്ചും നമസ്‌കരിച്ചും മുന്നില്‍ മുട്ടുകുത്തിയിരുന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന സ്ത്രീയുടെ വീഡിയോ വൈറലായിരിക്കുകയാണ്.
ഗോവിലിനെ കണ്ടപാടെ അദ്ദേഹത്തിന്റെ കാലില്‍ വീണ് നമസ്‌കരിക്കുന്ന സ്ത്രീ കുറച്ചുനേരത്തിനു ശേഷമാണ് തല പൊക്കുന്നത്. ശേഷം മുന്നില്‍ ഇരുന്ന് കൈ കൂപ്പി പ്രാര്‍ഥിക്കുന്ന സ്ത്രീ വീണ്ടും കാല്‍ തൊട്ട് നമസ്‌കരിക്കുന്നു. സ്ത്രീയെ മാറ്റാന്‍ ഇതിനിടെ ഒരു തവണ ഭര്‍ത്താവിനോട് പറയുന്ന ഗോവില്‍, പിന്നീട് അതിനു ശ്രമിക്കാതെ അവിടെ തന്നെ ആരാധന ആസ്വദിച്ചുനില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
സ്ത്രീയെ കൂടാതെ ഇവരുടെ ഭര്‍ത്താവും നടന്റെ കാല്‍ തൊട്ട് വന്ദിക്കുന്നത് കാണാം. ഒടുവില്‍ സ്ത്രീയെ നടന്‍ ഒരു കാവി ഷാള്‍ ധരിപ്പിക്കുന്നതും ഇവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയിലുണ്ട്.
आपकी छवि क्या है औरों के हृदय में उससे ही आपकी महानता है।रामायण टीवी धारावाहिक को 35 वर्ष हो गए पर राम का चरित्र निभाने वाले अरुण गोविल आज भी सबके लिए प्रभु श्रीराम ही हैं। भावुक कर देने वाला क्षण। @arungovil12 pic.twitter.com/4nM979xQl3
— Dr Sumita Misra IAS (@sumitamisra) September 30, 2022
അതേസമയം, ഇതെല്ലാം വീക്ഷിച്ച് സമീപം ഗോവിലിന്റെ ഭാര്യയും സമീപത്തു നില്‍ക്കുന്നുണ്ട്. ഭൂരിഭാഗം ആളുകളും തന്നെ ഇപ്പോഴും രാമന്‍ എന്നാണ് വിളിക്കുന്നത് എന്ന് ഗോവില്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥയായ ഡോ. സുമിത മിത്രയാണ് ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ‘മറ്റുള്ളവരുടെ ഹൃദയത്തില്‍ നിങ്ങളുടെ ഇമേജ് എന്താണ് എന്നതാണ് നിങ്ങളുടെ മഹത്വം. രാമായണം ടിവി സീരിയലിന് 35 വര്‍ഷമായി. പക്ഷേ രാമന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുണ്‍ ഗോവില്‍ ഇപ്പോഴും എല്ലാവര്‍ക്കും ഭഗവാന്‍ ശ്രീരാമനാണ്. വൈകാരിക നിമിഷം’, എന്നു പറഞ്ഞാണ് സുമിത്ര വീഡിയോ പങ്കുവച്ചത്.