‘ഏഴ് കോടി രൂപയുടെ നിരോധിത നോട്ട് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു’ ബിജെപി എംഎല്‍എയുടെ അമ്മാവനെ വധിച്ചതിന്റെ കാരണം വെളിപ്പെടുത്തി മാവോയിസ്റ്റുകള്‍

വീടാക്രമിച്ച സംഘം എംഎല്‍എയുടെ 55കാരനായ അമ്മാവന്‍ നരേന്ദ്ര സിങ്ങിനെ വെടിവെച്ചു കൊല്ലുകയും പത്ത് വാഹനങ്ങള്‍ക്കും വീടിനും തീയിട്ടിരുന്നു.

ഔറംഗാബാദ്: ബീഹാറില്‍ ബിജെപി എംഎല്‍എ രാജന്‍ കുമാര്‍ സിങ്ങിന്റെ വീടാക്രമിച്ച് അദ്ദേഹത്തിന്റെ അമ്മാവനെ കൊലപ്പെടുത്തിയതില്‍ വിശദീകരണവുമായി മാവോയിസ്റ്റുകള്‍ രംഗത്ത്. നോട്ടുനിരോധനത്തിന്റെ സമയത്ത് പണം വാങ്ങി പറ്റിച്ചതിനാണെന്ന് മാവോയിസ്റ്റുകള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ ശേഷം വിതരണം ചെയ്ത ലഘുലേഖയിലാണ് ഇക്കാര്യം ആരോപിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധിച്ച നോട്ടുകള്‍ മാറ്റി കൊടുക്കാന്‍ എംഎല്‍എയും ബന്ധുവും തങ്ങളില്‍ നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നാണ് മാവോയിസ്റ്റുകള്‍ ആരോപിക്കുന്നത്.

വീടാക്രമിച്ച സംഘം എംഎല്‍എയുടെ 55കാരനായ അമ്മാവന്‍ നരേന്ദ്ര സിങ്ങിനെ വെടിവെച്ചു കൊല്ലുകയും പത്ത് വാഹനങ്ങള്‍ക്കും വീടിനും തീയിട്ടിരുന്നു. 200 അംഗസംഘമാണ് വീടാക്രമിക്കാന്‍ ഉണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ സുരക്ഷാസേന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് ഓഫീസര്‍ സത്യപ്രകാശ് പറഞ്ഞു. എന്നാല്‍ ലഘുലേഖയിലെ ആരോപണങ്ങള്‍ എംഎല്‍എ തള്ളിയിട്ടുണ്ട്. പക്ഷേ ഈ ആരോപണങ്ങളെ പോലീസ് തള്ളിക്കളയുന്നില്ല.

Exit mobile version