ചെന്നൈ: നടൻ വിശാലിന്റെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. താരത്തിന്റെ ചെന്നൈ അണ്ണാനഗറിലുള്ള വീടിന് നേരെയാണ് തിങ്കളാഴ്ച ഒരുസംഘം ആളുകൾ എത്തി കല്ലേറ് നടത്തിയത്. ആക്രമണത്തിൽ ബാൽക്കണിയിലെ ഗ്ലാസുകൾ തകരുകയും വീടിന് മറ്റ് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മാനേജർ മുഖേന താരം നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.
മാതാപിതാക്കൾക്കൊപ്പം നടൻ ഇവിടെയാണ് താമസം. ചുവന്ന കാറിലെത്തിയ ഒരു സംഘമാളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് നടൻ തന്റെ പരാതിയിൽ ആരോപിക്കുന്നു. അക്രമികൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും വിശാൽ പോലീസിന് കൈമാറിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ. തമിഴിലെ മുൻനിര പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും വിശാലുമായുള്ള തർക്കവുമായി ബന്ധപ്പെട്ടുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതുമായി ആക്രമണത്തിന് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്. എ വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ലാത്തിയാണ് വിശാലിന്റേതായി പ്രദർശനത്തിന് തയ്യാറെടുക്കുന്ന ചിത്രം.