ന്യൂഡല്‍ഹി: പുതുതായി ചുമതലയേറ്റ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ മകന്‍ ശ്രീയാഷ് ലളിതിനെ സുപ്രീം കോടതിയിലെ യുപി സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകനായി നിയമിച്ച നടപടി വിവാദത്തില്‍. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി എടുക്കുകയും തല്‍ക്കാലത്തേക്ക് ഈ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തു.
സെപ്തംബര്‍ 21നാണ് ശ്രീയാഷിന്റെ നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇത് വാര്‍ത്തയായതിന് പിന്നാലെ, മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കും വരെ നിയമനം മരവിപ്പിച്ചെന്ന് സര്‍ക്കാര് കുറിപ്പ് പ്രസിദ്ധാകരിക്കുകയായിരുന്നു. നിയമനം നടത്തി അഞ്ച് ദിവസത്തിനുള്ളിലായിരുന്നു തീരുമാനം.
2017ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടിയ ശ്രീയാഷ് ലളിത്, 2018ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. പിതാവ് ജസ്റ്റിസ് യുയു ലളിത് (ഉദയ് ഉമേഷ് ലളിത്) ഇക്കഴിഞ്ഞ ആഗസ്റ്റ് 27നാണ് ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത്.
പ്രീതി ഗോയല്‍, നമിത് സക്സേന, യശാര്‍ത് കാന്ത് എന്നീ മൂന്ന് അഭിഭാഷകരെയും ശ്രീയാഷ് ലളിതിന് പുറമെ യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തങ്ങളുടെ പ്രതിനിധികളായി നിയമിച്ചിരുന്നു. ഇവരുടെ നിയമനവും സംസ്ഥാന സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുകയാണ്. നിലവില്‍ ഉത്തര്‍പ്രദേശില്‍ 400ലധികം എംപാനല്‍ അഭിഭാഷകരുണ്ടെന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ആഗസ്റ്റ് 26 ന് വിരമിച്ച ജസ്റ്റിസ് എന്‍ വി രമണയുടെ പിന്‍ഗാമിയായാണ് യുയു ലളിത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. നവംബര്‍ എട്ടിന് യുയു ലളിത് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും ചുമതല ഒഴിയും.
Discussion about this post