പഠനത്തിന് പിന്നാലെ ജോലി തേടി അലയുന്ന യുവാക്കള്‍ക്ക് പ്രചോദനമായി ഇതാ ഒരു കുറിപ്പ്. കോഴ്‌സ് പൂര്‍ത്തായാകാനിരിക്കെ ജോലി കണ്ടെത്താനായി കഠിനധ്വാനം നടത്തി ഒടുവില്‍ ഏറ്റവും മികച്ച ജോലി തന്നെ വാങ്ങിയെടുത്ത ഇന്ത്യക്കാരനായ വത്സല്‍ നഹാത എന്ന യുവാവാണ് പ്രചോദനമാകുന്നത്.
ഡല്‍ഹി സ്വദേശിയായ വത്സല്‍ പഠനത്തിനായി അമേരിക്കയിലെ യേല്‍ സര്‍വകലാശാലയില്‍ എത്തുകയും യുവാവ് ബിരുദം പൂര്‍ത്തിയാക്കുകയുമായിരുന്നു. ശേഷമാണ് ജോലി തേടി ഇറങ്ങിയത്. 23കാരനായ വത്സല്‍ ലോകബാങ്കിലെ തന്റെ സ്വപ്ന ജോലി ലഭിക്കുന്നതിന് തൊട്ടുമുന്‍പ് വിവിധ കമ്പനികളിലേക്ക് അയച്ചത് 600 ഇമെയിലുകളും അന്വേഷണത്തിനായി വിളിച്ചത് 80 ഫോണ്‍ കോളുകളുമാണ്.
ലിങ്ക്ഡ്ഇന്‍ കുറിപ്പിലൂടെയാണ് ഒടുവില്‍ തന്റെ സ്വപ്‌നം സഫലമായ കഥ ഈ യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. 2020ല്‍ കോവിഡ് കാലത്ത് ബിരുദം പൂര്‍ത്തിയാകുന്നതിനിടെയാണ് വത്സല്‍ കഠിനശ്രമം തുടങ്ങിയത്. ജോലി അപേക്ഷ ഫോമുകളും ജോബ് പോര്‍ട്ടലുകളും പൂര്‍ണമായി ഒഴിവാക്കി. കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെ, 1500ലധികം കണക്ഷന്‍ അഭ്യര്‍ഥനകളും 600 ഇമെയിലുകളും അയക്കുകയായിരുന്നു. എന്നാല്‍, അപേക്ഷ നിരസിച്ചുകൊണ്ടുള്ള മറുപടിയായിരുന്നു കൂടുതലും ലഭിച്ചത്.
നിരവധി പരിശ്രമത്തിന്റെ ഭാഗമായി മേയ് ആദ്യ വാരത്തോടെ നാലിടത്തുനിന്ന് ജോലി വാഗ്ദാനം ലഭിച്ചു. ഇതില്‍ ലോകബാങ്കിലെ ജോലി തെരഞ്ഞെടുക്കുകയായിരുന്നു. എന്റെ ട്രെയിനിങ് പൂര്‍ത്തിയാക്കുമ്പോഴേക്കും വിസയും സ്‌പോണ്‍സര്‍ ചെയ്തു. ലോകബാങ്കിന്റെ നിലവിലെ ഡയറക്ടര്‍ ഓഫ് റിസര്‍ച്ചുമായി ഒരു മെഷീന്‍ ലേണിങ് പേപ്പറിന്റെ എഴുത്തിലും പങ്കാളിത്തം ലഭിച്ചെന്നാണ് വത്സല്‍ പറയുന്നത്.
തന്റെ അനുഭവം പങ്കുവെക്കുന്നതിന്റെ ഉദ്ദേശ്യം, മോഹങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കാതിരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണെന്ന് യുവാവ് ലിങ്ക്ഡ്ഇന്‍ കുറിപ്പില്‍ പറയുന്നു. തെറ്റുകളില്‍നിന്ന് പഠിക്കുകയും മടുക്കുവോളം വാതിലുകളില്‍ മുട്ടുകയും ചെയ്താല്‍ നല്ല ദിവസങ്ങള്‍ വരിക തന്നെ ചെയ്യും എന്നാണ് വത്സല്‍ പറയുന്നത്.