തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി 85700 കോടിയിലധികം; സ്വന്തമായി 14 ടണ്‍ സ്വര്‍ണവും 7123 ഏക്കര്‍ ഭൂമിയും; ലോകത്തെ തന്നെ അമ്പരപ്പിച്ച് തിരുമല ദേവസ്ഥാനത്തിന്റെ സ്വത്ത് വിവരങ്ങള്‍

തിരുപ്പതി: ഏറ്റവുമധികം തീര്‍ത്ഥാടകരെത്തുന്ന അതിപ്രശസ്തമായ തിരുപ്പതി ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം തങ്ങളുടെ പൂര്‍ണമായ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ടു. രാജ്യത്തുട നീളം 7,123 ഏക്കര്‍ ഭൂമിയിലായി 960 പ്രോപ്പര്‍ട്ടികളുണ്ട്. ഇതില്‍ നിന്നായി 85,705 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ് ടിടിഡി ചെയര്‍മാന്‍ വൈ വി സുബ്ബ റെഡ്ഡി വ്യക്തമാക്കിയത്.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റാണിത് എന്ന് തന്നെ വിശേഷിപ്പിക്കാം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ വിവരം ഇതുവരെ തിട്ടപ്പെടുത്താത്തതിനാല്‍ റെക്കോര്‍ഡ് ഇപ്പോഴും തിരുപ്പതി ക്ഷേത്രത്തിന്റെ ട്രസ്റ്റിന്റെ പേരില്‍ തന്നെയാണ്.

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 14,000 കോടിയിലധികം സ്ഥിരനിക്ഷേപവും 14 ടണ്‍ സ്വര്‍ണശേഖരവും സ്വന്തമായുണ്ട്. ആദ്യമായാണ് സ്വത്ത് വിവരങ്ങളുടെ പൂര്‍ണ രൂപം ട്രസ്റ്റ് പുറത്തുവിടുന്നത്. സര്‍ക്കാര്‍ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണ് പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം, 1974 നും 2014 നും ഇടയില്‍ വിവിധ സര്‍ക്കാരുകളുടെ കീഴില്‍ വിവിധ ടിടിഡി ട്രസ്റ്റുകള്‍ ട്രസ്റ്റിനു കീഴിലുള്ള 113 സ്വത്തുവകകള്‍ പല കാരണങ്ങളാല്‍ ഒഴിപ്പിച്ചിട്ടുണ്ടെന്നും വി സുബ്ബ റെഡ്ഡി പറഞ്ഞു. എന്നാല്‍ 2014 ന് ശേഷം ഇന്നുവരെ തങ്ങളുടെ കീഴിലുള്ള സ്വത്തുക്കളൊന്നും ഒഴിപ്പിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

also read- ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിന്റെ പേരില്‍ സ്വന്തം വീട് പണി തീര്‍ത്തു; സംസ്ഥാന നേതാക്കള്‍ക്ക് എതിരെ പോസ്റ്റര്‍; കീറി കളഞ്ഞ് നേതാക്കള്‍!

ടിടിഡി ട്രസ്റ്റ് ബോര്‍ഡ് എല്ലാ വര്‍ഷവും ടിടിഡി സ്വത്തുക്കളെ കുറിച്ച് ധവളപത്രം പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ആദ്യത്തെ ധവളപത്രം പുറത്തിറക്കിയത്. എല്ലാ സ്വത്തുക്കളുടെയും വിശദാംശങ്ങള്‍ അടങ്ങിയ രണ്ടാമത്തെ ധവളപത്രം ടിടിഡി വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുമുണ്ട്.

ഇതെല്ലാം ഭക്തരുടെ വികാരങ്ങള്‍ മാനിച്ച് സുതാര്യമായി പ്രവര്‍ത്തിക്കുക എന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും ക്ഷേത്ര ട്രസ്റ്റിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണെന്ന് സുബ്ബ റെഡ്ഡി വിശദീകരിച്ചു.

ധാരാളം സംഭാവനകള്‍ ലഭിക്കുന്ന ക്ഷേത്രം കൂടിയാണ് തിരുപ്പതി ക്ഷേത്രം. സിനിമാതാരങ്ങളായ നയന്‍താരയും ഐശ്വര്യ റായിയും അടക്കമുള്ളവര്‍ തിരുപ്പതി ക്ഷേത്രത്തിന്റെ പ്രശസ്തരായ വിശ്വാസികളാണ്. ഇതിനിടെ, തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 1.02 കോടി രൂപ സംഭാവന നല്‍കിയ മുസ്ലീം ദമ്പതികളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നിരുന്നു. ചെന്നൈയില്‍ നിന്നുള്ള അബ്ദുള്‍ ഗനിയും സുബീന ഭാനുവുമാണ് ടിടിഡിക്ക് സംഭാവന കൈമാറിയത്.

പുതുതായി പണികഴിപ്പിച്ച ശ്രീ പത്മാവതി റെസ്റ്റ് ഹൗസിന് പാത്രങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ 87 ലക്ഷം രൂപയും എസ് വി അന്നദാനം പ്രസാദം ട്രസ്റ്റിന് 15 ലക്ഷം രൂപയും നല്‍കിയ തുകയില്‍ നിന്ന് ചെലവഴിക്കണമെന്നാണ് ഇവരുടെ ആവശ്യം.കൂടാതെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി അടുത്തിടെ ടിടിഡിക്ക് 1.5 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു.

Exit mobile version