ബംഗളൂരു: ഘോഷയാത്രയ്ക്കിടെ താഴെ വീണ ശൂലം മകൻ എടുത്ത് നൽകിയതിന്റെ പേരിൽ വൻ തുക പിഴ ചുമത്തി ക്ഷേത്രം അധികൃതർ. ഇതിൽ പ്രതിഷേധം രേഖപെടുത്തി വീട്ടിൽ നിന്നുള്ള ദൈവങ്ങളുടെ ചിത്രങ്ങൾ എടുത്ത് മാറ്റി പകരം അംബേദ്കറുടെയും ബുദ്ധന്റെയും ചിത്രങ്ങൾ സ്ഥാപിച്ചു.
കർണാടക കോലാറിലാണ് സംഭവം. ദലിതരെ പ്രവേശിപ്പിക്കാത്ത മാലൂർ ഉള്ളേരഹള്ളി ഭൂതമ്മ ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. പത്താം ക്ലാസുകാരനായ മകൻ ശൂലത്തിൽ തൊട്ടുവെന്ന് പറഞ്ഞ് ക്ഷേത്ര അധികൃതരും ഇതര ജാതിക്കാരും ചേർന്ന് കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തുകയായിരുന്നു.
സംഭവം വിവാദത്തിൽ കലാശിച്ചതോടെ ബിജെപി എംപി ഇടപെട്ട് കുടുംബത്തെ ക്ഷേത്രത്തിൽ കയറ്റി. പിഴചുമത്തിയവർക്കെതിരെ കേസെടുക്കുകയും അനുനയത്തിനായി ബിജെപി എംഎൽഎമാർ ദലിത് കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കാനും എത്തി.
എന്നാൽ ഇതുകൊണ്ടൊന്നും അപമാനം മാറില്ലെന്നും കഷ്ടകാലങ്ങളിൽ ദൈവങ്ങളല്ല, ബുദ്ധനിലും അംബേദ്കറിലുമുള്ള അടിയുറച്ച വിശ്വാസമാണ് തുണയായതെന്നും വിദ്യാർഥിയുടെ അമ്മ ശോഭ പ്രതികരിച്ചു.
Discussion about this post