കടകളും വീടുകളും കുത്തി തുറന്ന് പണവും സ്വർണ്ണവും കവരുന്നതാണ് കള്ളന്മാരുടെ പതിവ് രീതി. എന്നാൽ ഹരിയാനയിലെ യമുനാനഗർ ജില്ലയിൽ കരീര കുർദ്ദ് ഗ്രാമത്തിൽ മോഷണം പോയത് ദേശീയപാത 344ൽ യമുനാ ഓഗ്മെൻറേഷൻ കനാലിന് കുറുകെയുള്ള പാലത്തിന്റെ നട്ടും ബോൾട്ടും ആണ് മോഷണം പോയത്.
അത് ഒന്നും രണ്ടും അല്ല, 4500ഓളം നട്ടും ബോൾട്ടും ആണ് കവർന്നത്. സംഭവത്തിൽ നിർമാണ കമ്പനിയായ സദ്ഭവ് എൻജിനീയറിങ് ലിമിറ്റഡിന്റെ പരാതിയിൽ മോഷണക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലത്തിൽ നിന്ന് 4,500 നട്ടുകളും ബോൾട്ടുകളും ഒരു സ്റ്റീൽ ക്രോസ് ഗർഡറും മോഷ്ടിക്കപ്പെട്ടതായി തിങ്കളാഴ്ച വിവരം ലഭിച്ചതായി പ്രോജക്റ്റ് മാനേജർ പറഞ്ഞു.
ഹരിയാനയെ ഉത്തർപ്രദേശുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയുടെ തന്നെ നട്ടും ബോൾട്ടും മോഷണം പോയത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയപാതാ അതോറിറ്റി അധികൃതരും സ്ഥലത്ത് പരിശോധന നടത്തി.
അതേസമയം, പാലത്തിൽ നട്ടുകളും ബോൾട്ടുകളും പുനഃസ്ഥാപിക്കുന്ന ജോലി ആരംഭിച്ചതായി പ്രൊജക്ട് മാനേജർ അറിയിച്ചു. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഈ ജോലികൾ പൂർത്തിയാവുമെന്നും കമ്പനി അറിയിച്ചു. ഇനിയൊരു മോഷണം നടക്കാതിരിക്കാൻ നട്ടും ബോൾട്ടും വെൽഡ് ചെയ്താണ് പിടിപ്പിക്കുന്നതെന്നും അധികൃതർ അറിയിച്ചു.