ബംഗളൂരു: പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലടക്കം പങ്കുവെച്ച ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാഷ് രാജന് (27) ആണ് കൊല്ലപ്പെട്ടത്. യുവതിയും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവരും ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്.
പ്രതികള്‍ പോലീസ് പിടിയിലായി. സൂര്യക്കായി പോലീസ് അന്വേഷണം തുടരുകയാണ്. യുക്രൈനില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ വികാഷ് രണ്ട് വര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷം ബംഗളൂരുവിലേക്ക് എത്തുകയായിരുന്നു. പിന്നീട് പ്രതികളിലൊരാളായ സുഷീലിന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്.
ക്രൂരമായ മര്‍ദനമേറ്റ വികാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊല്ലപ്പെട്ട വികാഷും യുവതിയും രണ്ട് വര്‍ഷമായി സൗഹൃദത്തിലായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ ഇവരുടെ വിവാഹത്തിന് അനുമതി നല്‍കിയത്. പിന്നീട് വികാഷ് മറ്റൊരു സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് തന്റെ പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങള്‍ പങ്കുവെക്കുകയായിരുന്നു.
ഇതോടൊപ്പം തമിഴ്നാട്ടിലെ ചില സുഹൃത്തുക്കള്‍ക്ക് ഈ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ തന്റെ നഗ്ന ചിത്രങ്ങള്‍ കണ്ട യുവതി ഞെട്ടുകയായിരുന്നു. തുടര്‍ന്ന് വികാഷിനോട് ഇത് ചോദിച്ചപ്പോള്‍ താന്‍ തമാശയ്ക്ക് ചെയ്തതെന്ന മറുപടി യുവതിയെ പ്രകോപിപ്പിച്ചു.
സുഹൃത്തായ സുശീലിനോട് യുവതി ഇക്കാര്യം വെളിപ്പെടുത്തുകയും തുടര്‍ന്ന് വികാഷിനോട് പകരം ചോദിക്കാന്‍ ഇവര്‍ തീരുമാനിക്കുകയും ആയിരുന്നു. പദ്ധതിയിട്ടാണ് സുഷീലിന്റെ വീട്ടിലേക്ക് വികാഷിനെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റതാണ് വികാഷിന്റെ മരണത്തിലേക്ക് നയിച്ചത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശം പ്രതികള്‍ക്ക് ഇല്ലായിരുന്നുവെന്നും ഇവര്‍ തന്നെയാണ് അബോധാവസ്ഥയില്‍ വികാഷിനെ ആശുപത്രിയില്‍ എത്തിച്ചതെന്നും പോലീസ് അറിയിച്ചു.
Discussion about this post