ചണ്ഡീഗർഹ്: കോൺഗ്രസ് പാർട്ടിയിൽ നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. അടുത്തിടെയാണ് 20ഓളം എംഎൽ എ മാർ ബിജെപിയിലേക്ക് ചേക്കേറിയത്. ഈ പ്രതിസന്ധിയിൽ കോൺഗ്രസ് നിലനിൽക്കവെ പഞ്ചാബ് മുൻ മുഖ്യമന്ത്രിയും മുതിർന്ന മുൻ കോൺഗ്രസ് നേതാവുമായിരുന്ന അമരീന്ദർ സിംഗും ബിജെപി അംഗത്വം എടുക്കുകയാണ്.
അമരീന്ദർ സിംഗിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് ഇന്ന് ബിജെപിയിൽ ലയിക്കും. 12 മുൻ കോൺഗ്രസ് എംഎൽഎമാരുമായിട്ടാണ് അമരീന്ദർ സിംഗിന്റെ പാർട്ടി ത്രിവർണ്ണം വിട്ട് കവിയിലേക്ക് മാറുന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗിനെ ബിജെപിയുടെ മുഖമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ ലയന നീക്കം.
അമരീന്ദർ സിംഗിന്റെ വരവോടെ 58 ശതമാനം വരുന്ന സിഖ് സമുദായങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി. പിസിസി അധ്യക്ഷനായിരുന്ന നവ്ജ്യോത് സിംഗ് സിദ്ദുവുമായി നാളുകളായി എതിർദിശയിലായിരുന്ന അമരീന്ദർ സിംഗ് കഴിഞ്ഞ സെപ്തംബറിലാണ് കോൺഗ്രസ് പാർട്ടിയോട് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച് ബന്ധം അവസാനിപ്പിച്ചത്.
രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയ ഉടൻ തന്നെ പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടിയും അദ്ദേഹം രൂപീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിയോട് പരാജയപ്പെട്ടിരുന്നു.