സെക്കന്തരാബാദ്-വിശാഖ പട്ടണം ദുരന്തോ എക്‌സ്പ്രസിൽ വച്ച് പ്രസവവേദന അനുഭവപ്പെട്ട സ്ത്രീയ്ക്ക് തുണയായി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി. യുവതി യാത്ര ചെയ്ത കംപാർട്‌മെന്റിലാണ് 23കാരിയായ സ്വാതി റെഡ്ഡിയും യാത്ര ചെയ്തത്. ശ്രികക്കുളത്തു നിന്നാണ് യുവതി ട്രെയിനിൽ കയറിയത്.
അനകപ്പള്ളിയിലെത്തിയപ്പോൾ കഠിനമായ വേദന അനുഭവപ്പെടുകയായിരുന്നു. ഈ വേളയിൽ ആണ് സ്വാതി രക്ഷകയായി എത്തിയത്. സ്വാതിയുടെ കൃത്യസമയത്തെ ഇടപെടൽ ആണ് അമ്മയെയും കുഞ്ഞിനെയും സുരക്ഷിതരാക്കിയത്. വേദന അനുഭവപ്പെട്ട നിമിഷം തന്നെ കംപാർട്‌മെന്റിൽ യുവതിയുടെ സീറ്റിനു സമീപം തുണികൊണ്ടു മറച്ച് പ്രസവമുറിക്ക് സമാനമാക്കി.
അത്യാവശ്യ മരുന്നുകളും സ്വാതിയുടെ കൈവശം ഉണ്ടായിരുന്നു. ശേഷം യുവതി കുഞ്ഞിന് ജന്മം നൽകി. യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച സ്വാതിയെ സഹയാത്രികരും അഭിനന്ദിച്ചു. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.