മുംബൈ: കാറിന്റെ തുറന്ന ഡിക്കിയില്‍ കൊച്ചുകുട്ടികളെ ഇരുത്തി യാത്ര ചെയ്ത സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ നടപടി. സൈറാബാദ് ട്രാഫിക് പോലീസാണ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തത്.
അപകടകരമായ രീതിയില്‍ കുട്ടികളെ വാഹനത്തില്‍ യാത്ര ചെയ്യിപ്പിച്ച വിഡിയോ പുറത്തുവന്നതോടെയാണ് പോലീസ് നടപടിയെടുത്തത്. സോന്‍കോ സാറ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സംഭവത്തെ കുറിച്ചുള്ള വീഡിയോ പ്രചരിച്ചത്.
കാറിന്റെ തുറന്ന ഡിക്കിയില്‍ കുട്ടികളെ ഇരുത്തിയ മാതാപിതാക്കള്‍, മുന്‍വശത്തിരുന്ന് യാത്ര ചെയ്യുന്നത് വിഡിയോയില്‍ കാണാം. ഉത്തരവാദിത്തമില്ലാതെയും സുരക്ഷിതമല്ലാതെയും കുട്ടികളെ യാത്ര ചെയ്യിപ്പിച്ചതില്‍ നടപടി വേണമെന്ന തലക്കെട്ടോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോയും ചിത്രവും പ്രചരിച്ചത്.
മൂന്ന് കൊച്ചുകുട്ടികളെയാണ് മാതാപിതാക്കള്‍ സുരക്ഷാ മുന്‍കരുതലുകളില്ലാതെ അപകടകരമായ രീതിയില്‍ ഡിക്കിയില്‍ ഇരുത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 2019 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post