ചെന്നൈ: കിണറ്റിൽ വീണ മലമ്പാമ്പിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ 55കാരനെ പാമ്പ് വരിഞ്ഞു മുറുക്കി കൊന്നു. പാമ്പ് പിടുത്തക്കാരനായ ജി നടരാജനാണ് ദാരുണമായി മരിച്ചത്. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം നടന്നത്. പത്തടി നീളമുള്ള പെരുമ്പാമ്പ് നടരാജന്റെ കഴുത്തിനാണ് വരിഞ്ഞുമുറുക്കിയത്.
ഇതേ തുടർന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പാമ്പുമായി നടരാജ് കിണറ്റിൽ വീണ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കർഷകനായ ചിന്നസ്വാമിയുടെ കിണറ്റിൽ ഒരാഴ്ചമുമ്പാണ് മലമ്പാമ്പ് കുടുങ്ങിയത്. അതേസമയം, 50 അടി താഴ്ചയുള്ള കിണറിൽനിന്ന് പാമ്പിനെ പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. അടുത്തിടെ പെയ്ത മഴയിൽ കിണറിന്റെ മൂന്നിലൊരു ഭാഗത്തും വെള്ളമുണ്ടായിരുന്നു.
പാമ്പിനെ പുറത്തെടുക്കാനായി പാമ്പു പിടിത്തക്കാരനായ നടരാജനെയാണ് ചിന്നസ്വാമി സമീപിച്ചത്. ഇതിനായി തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് നടരാജ് എത്തിയത്. ശേഷം ഒരു കയർ കെട്ടി കിണറ്റിലിറങ്ങി. ഇതിനിടെ മലമ്പാമ്പ് നടരാജിന്റെ കാലിലും ശരീരത്തിലും ചുറ്റി. ഇതിൽ നിന്ന് ഊരാൻ നടരാജ് ശ്രമം നടത്തിയപ്പോഴേക്കും കഴുത്തിലും പാമ്പ് പിടുത്തമിട്ടിരുന്നു.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാമ്പുമായി നടരാജ് വെള്ളത്തിലേക്ക് പതിച്ചു. എന്നാൽ വെള്ളത്തിലെത്തിയിട്ടും പാമ്പിൽ നിന്ന് രക്ഷപ്പെടാൻ നടരാജിന് സാധിച്ചില്ല. ഇതാണ് ദാരുണ മരണത്തിന് ഇടയാത്തിയത്. 9.30 ഓടെ വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന ഏറെനേരം പണിപ്പെട്ടാണ് നടാജിനെ പുറത്തെത്തിച്ചത്. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. എന്നാൽ ഇതുവരെയും പാമ്പിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.