ബംഗളൂരു: ഗതാഗതക്കുരുക്കിൽ വണ്ടിയുപേക്ഷിച്ച് ഒരു ഡോക്ടർ ഇറങ്ങി ഓടിയതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. ഓടിയത് എന്തിനാണെന്ന് അറിഞ്ഞതോടെ കൈയ്യടികൾ നൽകുകയാണ് ജനം. രോഗിയുടെ ശസ്ത്രക്രിയ വൈകരുതെന്ന് കരുതിയാണ് ഒരു നിമിഷം പോലും പാഴാക്കാതെ വണ്ടി പാതിവഴിയിലിട്ട് മൂന്ന് കിലോമീറ്ററോളം ഓടിയത്.
മണിപ്പാൽ ആശുപത്രിയിലെ ഡോ. ഗോവിന്ദ് നന്ദകുമാറാണ് നന്മയുടെ മുഖമായത്. ആശുപത്രിയിൽ കൃത്യസമയത്തെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമായി ഡോക്ടർ നടത്തുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. സംഭവം ഇപ്പോഴാണ് പുറംലോകം അറിഞ്ഞത്. ആശുപത്രിയിലെത്താൻ മൂന്നു കിലോമീറ്റർ ബാക്കിയുള്ളപ്പോഴാണ് കാർ ഗതാഗതക്കുരുക്കിൽപ്പെട്ടത്.
സാധാരണ നിലയിൽ ഇവിടെനിന്ന് ആശുപത്രിയിലെത്താൻ പത്ത് മിനിറ്റ് മാത്രം മതി. എന്നാൽ ഗതാഗതക്കുരുക്ക് കണ്ട് ഗൂഗിൾ സമയം നോക്കിയപ്പോൾ 45 മിനിറ്റ് കാണിച്ചു. തുടർന്ന് താർ ഡ്രൈവറെ ഏൽപ്പിച്ച് നടുറോഡിൽ വെച്ച് ഇറങ്ങി ഓടുകയായിരുന്നു. ദിവസവും വ്യായാമം ചെയ്യുന്നതിനാൽ മൂന്നു കിലോമീറ്റർ ഓടാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു.