ചെന്നൈ: കോളിവുഡിലെ വസ്ത്രാലങ്കാര വിദഗ്ധയും യുവഎഴുത്തുകാരിയുമായ ദൂരിഗയി കബിലന്റെ മരണം തമിഴകത്ത് വൻ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ദൂരിഗയിയെ ചെന്നൈ അറുമ്പാക്കത്തെ വീട്ടിലെ കിടപ്പു മുറിയിൽ ആണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
പ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളാണ് മരണപ്പെട്ട ദൂരി. കോളിവുഡിലെ ഏറ്റവും ബോൾഡായ പെൺകുട്ടികളിൽ ഒരാൾ കൂടിയായിരുന്നു. സ്വന്തമായി നിലപാടും അഭിപ്രായങ്ങളുമുണ്ടായിരുന്ന ദൂരിയുടെ ഈ മരണം തമിഴ് സിനിമ ലോകത്തിന് ഇതുവരെയും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല.
വനിതകൾക്കായി ഡിജിറ്റൽ മാഗസിന്നും ദൂരീഗയി നടത്തിയിരുന്നു. 29കാരിയായ ദൂരി എംബിഎ ബിരുദധാരിയാണ്. നിരവധി സിനിമകൾക്കു വസ്ത്രാലങ്കാരം നടത്തിയിട്ടുണ്ട്. യുവ നടൻമാരുടെ ഫാഷൻ കൺസൾട്ടന്റുമായിരുന്നു. മരണത്തിന് മണിക്കൂറുകൾ മുൻപ് മാതാപിതാക്കളുമായി ദൂരി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.
വിവാഹം കഴിക്കാൻ കുടുംബം നിർബന്ധിച്ചിരുന്നു. ഇതിൽ മനംനൊന്ത് ആണ് ദൂരി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണങ്ങൾ മരണത്തിലേക്കു നയിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post