തെരുവുനായകളുടെ വിളയാട്ടവും തുടർന്നുള്ള മരണങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യുമ്പോൾ അതിദാരുണമായ മറ്റൊരു നായയുടെ ആക്രമണവും വാർത്തകളിൽ നിറയുകയാണ്. ഡൽഹി ഗാസിയാബാദിൽ നിന്നുള്ളതാണ് റിപ്പോർട്ട്. പിറ്റ് ബുൾ എന്ന വളർത്തുനായയുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് 11 വയസുള്ള കുട്ടി.
ഉടമയായ പെൺകുട്ടിക്കൊപ്പം പാർക്കിൽ എത്തിയ നായ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നായ കുട്ടിക്ക് നേരെ പാഞ്ഞടുക്കുന്നത് കാണാം. കുട്ടിയുടെ മുകളിലേക്ക് ചാടി വീണ പിറ്റ് ബുൾ പയ്യന്റെ മുഖത്താണ് കടിച്ചത്.
മറ്റൊരാൾ ഓടിയെത്തി നായയുടെ പിടിയിൽ നിന്ന് കുട്ടിയെ രക്ഷിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. വീടിനടുത്തുള്ള പാർക്കിൽ കളിക്കുന്നതിനിടെയാണ് 11കാരന് നായയുടെ ആക്രമണത്തിന് ഇരയായത്. മുഖത്ത് 200ഓളം തുന്നലുകളുണ്ടെന്നാണ് പേടിപ്പിക്കുന്ന വസ്തുത. കുട്ടിയുടെ മുഖത്തിന്റെ ഒരു ഭാഗം നായ കടിച്ചെടുത്തതായി ഡോക്ടർമാർ അറിയിച്ചു.
സെപ്തംബർ 3 ന് ആക്രമണം ഇപ്പോഴാണ് പുറത്തുവരുന്നത്. സംഭവത്തിൽ, കുട്ടിയുടെ കുടുംബവും പ്രദേശവാസികളും പ്രതിഷേധം രേഖപ്പെടുത്തി. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ മൃഗത്തെ വളർത്തിയ നായയുടെ ഉടമയിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു.