ഇൻഡോർ: കടുവയുടെ ആക്രമണത്തിൽ നിന്ന് ജീവൻ പണയം വെച്ച് പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മ. മധ്യപ്രദേശിലാണ് 15 മാസം പ്രായമായ തന്റെ കുഞ്ഞിനെ കടുവയിൽ നിന്ന് അർച്ചന ചൗധരി എന്ന യുവതി രക്ഷപ്പെടുത്തിയെടുത്തിയത്. കടുവയുമായുള്ള ഏറ്റുമുട്ടലിനിടെ പരുക്കേറ്റ് അർച്ചന ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കുകളേറ്റെങ്കിലും കുഞ്ഞും അമ്മയും രക്ഷപ്പെട്ടു.
മധ്യപ്രദേശിലെ ബന്ധവ്ഗർ കടുവാസങ്കേതത്തിനു സമീപമാണ് സംഭവം നടന്നത്. അർച്ചന പാടത്ത് പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് കുറ്റിക്കാട്ടിൽ നിന്ന് കടുവ ചാടിവീണ് കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കടുവ കുഞ്ഞിന്റെ തലയ്ക്ക് കടിച്ച് വലിക്കാൻ ശ്രമിച്ചത് കണ്ട അർച്ചന കടുവയുമായി മല്ലിട്ടാണ് കുഞ്ഞിന രക്ഷിച്ചത്.
വെറും കൈയ്യോടെയാണ് അർച്ചന കടുവയുമായി മൽപിടുത്തം നടത്തിയത്. ഇതിനിടെ ഇവർ സഹായാഭ്യർത്ഥനയ്ക്കായി അലമുറയിടുകയും ചെയ്തു. കരച്ചില് കേട്ട് ഓടിയെത്തിയ ആളുകൾ അർച്ചനയെ സഹായിക്കുകയായിരുന്നു. നാട്ടുകാർ കമ്പുകളും മറ്റുമായെത്തി കടുവയെ തുരത്തിയോടിച്ചു.
യുവതിയുടെ ഒരു ശ്വാസകോശത്തിനു പരുക്കുണ്ട്. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുമുണ്ട്. അതേസമയം, കുഞ്ഞിന്റെ തലയിലാണ് പരിക്ക്. കുഞ്ഞിന്റെ പരുക്കുകൾ നിസാരമാണെന്നും അമ്മയുടെ പരുക്കുകൾ ഗുരുതരമാണെന്നും ഡോക്ടർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post