കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ട് സ്‌കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൃതദേഹം ഉപേക്ഷിച്ച നിലയിൽ. കൊൽക്കത്തയിലെ ബഗുയ്ഹാതി സ്വദേശികളായ അത്താനു ഡേ, അഭിഷേക് നസ്‌കർ എന്നിവരെയാണ് ആറംഗസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ബൈക്ക് വാങ്ങാനുള്ള പണം കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വീട്ടുകാരിൽ നിന്നും വാങ്ങുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ അഴുക്കുചാലിൽ നിന്നാണ് കണ്ടെടുത്തത്.
ഓഗസ്റ്റ് 22-ാം തീയതിയാണ് രണ്ട് വിദ്യാർഥികളെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും തുമ്പൊന്നും കിട്ടിയില്ല. കഴിഞ്ഞദിവസം പ്രതികളിലൊരാളെ പോലീസ് പിടികൂടിയതോടെയാണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയെന്ന മൊഴി ലഭിച്ചത്. തുടർന്ന് റോഡരികിലെ അഴുക്കുചാലിൽ നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.
കൊലപ്പെടുത്തിയ അത്താനു ഡേയുടെ വീട്ടുകാരിൽനിന്ന് പണം കൈക്കലാക്കാനായാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി. ബൈക്ക് വാങ്ങാനുള്ള അമ്പതിനായിരം രൂപയ്ക്ക് വേണ്ടിയായിരുന്നു സംഘം പദ്ധതി ആസൂത്രണം ചെയ്തത്. ഇതനുസരിച്ച് കാറിലെത്തിയ പ്രതികൾ അത്താനു ഡേയെയും ഒപ്പമുണ്ടായിരുന്ന അഭിഷേകിനെയും തട്ടിക്കൊണ്ടുപോയി. തുടർന്ന് വീട്ടുകാരെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടു. വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കുട്ടികളെ കൊലപ്പെടുത്തിയത്.
അതിനിടെ, വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ അക്രമാസക്തരായ നാട്ടുകാർ മുഖ്യപ്രതിയായ സത്യേന്ദ്ര ചൗധരിയുടെ വീട് അടിച്ചുതകർത്തു. സത്യേന്ദ്രയും കൊല്ലപ്പെട്ട അത്താനുവും നേരത്തെ പരിചയമുള്ളവരായിരുന്നു. ഈ പരിചയം മുതലെടുത്താണ് സത്യേന്ദ്ര ചൗധരി തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു.