ഭോപ്പാല്‍: കൈക്കുഞ്ഞിനെ നിലത്ത് കിടത്തി കനാലില്‍ മുങ്ങിത്താണ യുവാവിന്റെ ജീവന്‍ രക്ഷിച്ച് യുവതിയുടെ ധീരത. ഭോപ്പാല്‍ സ്വദേശിയായ റുബീന കാഞ്ഞാര്‍ എന്ന യുവതിയാണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ നിലത്ത് കിടത്തി വെള്ളത്തിലേക്ക് ചാടിയത്.
മധ്യപ്രദേശിലെ ഭോപ്പാലില്‍ വ്യാഴാഴ്ചയാണ് സംഭവം. റുബീന വെള്ളമെടുക്കുന്നതിനായി കുഞ്ഞുമായി കനാലിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് യുവാക്കള്‍ മുങ്ങിതാഴുന്നത് ശ്രദ്ധയില്‍പ്പെട്ടത്. യുവാക്കള്‍ കനാല്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടയായിരുന്നു അപകടം.
ഒഴുക്കില്‍ കാലിടറിയ യുവാക്കള്‍ സഹായത്തിനായി കരഞ്ഞത് ശ്രദ്ധയില്‍പെട്ട റുബീന കുഞ്ഞിനെ നിലത്ത് കിടത്തി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. റുബീനയുടെ ധീരമായ ഇടപെടലിലൂടെ രാജുവിനെ രക്ഷിക്കാന്‍ സാധിച്ചു, പക്ഷേ സുഹൃത്തായ
ജിതേന്ദ്രയെ ഒഴുക്കില്‍ പെട്ട് കാണാതെയായി. പിന്നീട് നടത്തിയ തിരച്ചിലില്‍
വെള്ളിയാഴ്ച ജിതേന്ദ്രയുടെ മൃതദേഹം കണ്ടെത്തി.
ദീദീ രക്ഷിക്കണമെന്ന് പറഞ്ഞ് ഇരുവരും എന്നെ നോക്കി അലറി കരഞ്ഞപ്പോള്‍ മറിച്ചൊന്നും ചിന്തിക്കാന്‍ സാധിച്ചില്ലെന്നും ഉടനെ കുഞ്ഞിനെ നിലത്ത് വെച്ച് ചാടുകയായിരുന്നെന്നും റുബീന പറഞ്ഞു. രണ്ട് പേരെയും രക്ഷിക്കാന്‍ സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ചെങ്കിലും ജിതേന്ദ്രയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. റുബീനയുടെ ധീരതയെ പോലീസ് പാരിതോഷികം നല്‍കി ആദരിച്ചു.
Discussion about this post