ഉദയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ദളിത് വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചതിന് പാചകക്കാരന്‍ അറസ്റ്റില്‍. ഉദയ്പൂര്‍ ജില്ലയിലെ ബറോഡിയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ പാചകക്കാരനായ ലാലാ റാം ഗുര്‍ജാര്‍ ആണ് അറസ്റ്റിലായത്.
പാകം ചെയ്ത ഭക്ഷണം രണ്ട് ദളിത് പെണ്‍കുട്ടികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയത് ലാലാ റാമിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഭക്ഷണം കഴിക്കുകയായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളോട് ദളിതര്‍ വിളമ്പിയതിനാല്‍ ഭക്ഷണം വലിച്ചെറിയാന്‍ ലാലാറാം ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ഥികള്‍ ലാലാ റാമിന്റെ നിര്‍ദേശം പാലിച്ച് ഭക്ഷണം വലിച്ചെറിയുകയും ചെയ്തു. പിന്നാലെ സംഭവം പെണ്‍കുട്ടികള്‍ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ചില ബന്ധുക്കളോടൊപ്പം വീട്ടുകാര്‍ സ്‌കൂളിലെത്തി പാചകക്കാരനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
‘സംഭവം ശരിയാണെന്ന് കണ്ടെത്തിയയുടനെ നടപടി സ്വീകരിച്ചു. ദളിത് പെണ്‍കുട്ടികള്‍ ഭക്ഷണം വിളമ്പിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം വലിച്ചെറിഞ്ഞു. സ്ഥിരമായി സ്‌കൂളില്‍ ഭക്ഷണം വിളമ്പാന്‍ പാചകക്കാരന്‍ ഉയര്‍ന്ന ജാതിക്കാരായ വിദ്യാര്‍ത്ഥികളെയാണ് ഏല്‍പ്പിച്ചിരുന്നത്.
എന്നാല്‍ അവര്‍ നന്നായി വിളമ്പുന്നില്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു അധ്യാപകന്‍ ദളിത് പെണ്‍കുട്ടികളോട് ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.