ഗുരുഗ്രാം: ‘ഭാര്യയെയും മകളെയും ഇവിടെ തനിച്ചാക്കുന്നതിൽ ദുഃഖമുണ്ട്. ഇന്നു മീറ്റിങ്ങിൽ, ലൈംഗികാരോപണങ്ങളിൽ ഞാൻ അപമാനിതനായി…” ഇത് മരണത്തിലേക്ക് നടന്നു കയറും മുൻപ് ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിലെ സീനിയർ എക്സിക്യൂട്ടീവ് അവസാനം കുറിച്ച വരികളാണ്.
വിങ്ങുന്ന കുറിപ്പ് പങ്കുവെച്ച് 41 കാരനായ ഉദ്യോഗസ്ഥൻ സീലിങ് ഫാനിൽ തൂങ്ങി മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഗുരുഗ്രാമിലെ സെക്ടർ 9ലെ വസതിയിൽ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര മാസം മുൻപാണ് ഇദ്ദേഹം കമ്പനിയിൽ ജോലിക്കു കയറിയത്.
”ഒരു ജീവനക്കാരനും ഞാൻ പ്രത്യേക പരിഗണന നൽകിയിട്ടില്ല. എല്ലാ ജീവനക്കാരോടും ഒരുപോലെയാണ് പെരുമാറിയത്…ഞാൻ എന്ത് ചെയ്താലും ഓഫിസിലെ ആരോപണങ്ങൾ കാരണമാണ്. എന്റെ കുടുംബത്തിനും ബന്ധുക്കൾക്കും ഇതിൽ പങ്കില്ല.” ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
പിന്നാലെ, കമ്പനിയിലെ സഹപ്രവർത്തകരാണ് തന്റെ ഭർത്താവിന്റെ മരണത്തിനു കാരണക്കാരെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ രംഗത്തെത്തി. ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള ഒരു മകനുമുണ്ട്. എക്സിക്യൂട്ടീവിന്റെ ഭാര്യ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം എഴുതിയ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പു പരിശോധിക്കാൻ കയ്യക്ഷര വിദഗ്ധരെ ഏൽപ്പിച്ചതായും പോലീസ് അറിയിച്ചു.
കമ്പനിയിൽ എക്സിക്യൂട്ടീവിനെതിരെ ഒരു സഹപ്രവർത്തക ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നതായി റിപ്പോർട്ട് ഉണ്ട്. അതേസമയം, അദ്ദേഹം സമ്മർദത്തിലായിരുന്നെന്ന് കുടുംബത്തിന് അറിയില്ലായിരുന്നെന്ന് മരിച്ച എക്സിക്യൂട്ടീവിന്റെ ബന്ധു മാധ്യമങ്ങളോടു പറഞ്ഞു.
”കഴിഞ്ഞ 7-8 ദിവസമായി ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ഓഫിസിൽ എന്തോ നടക്കുന്നുണ്ടെന്ന് കമ്പനിയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറഞ്ഞു, പക്ഷേ അദ്ദേഹം വീട്ടിൽ ഒന്നും പറഞ്ഞില്ല.” ബന്ധു പറഞ്ഞു.
ചൊവ്വാഴ്ച ഭർത്താവിന്റെ സഹപ്രവർത്തകനിൽനിന്ന് തനിക്ക് ഒരു ഫോൺകോൾ വന്നെന്നും അദ്ദേഹം ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നതായി സന്ദേശം ലഭിച്ചെന്ന് അദ്ദേഹം അറിയിച്ചതായും എക്സിക്യൂട്ടീവിന്റെ ഭാര്യ പറഞ്ഞു. തുടർന്ന് മുറിയിലെത്തി നോക്കിയപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Discussion about this post