കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽപ്പന നടത്തുന്ന സംഘത്തിൽ നിന്നും കുഞ്ഞിനെ വാങ്ങി; വനിതാ നേതാവിനെ പുറത്താക്കി ബിജെപി

ഫിറോസാബാദ്: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ അമ്മക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ എട്ടുപേർ പിടിയിൽ. ബിജെപി വനിതാ നേതാവായ വിനിത അഗർവാൾ ഉൾപ്പടെയാണ് അറസ്റ്റിലായത്. ഇതോടെ ഫിറോസാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അംഗമായ വിനീതയെ ബിജെപി പുറത്താക്കി.

ഇവരുടെ വീട്ടിൽ നിന്നായിരുന്നു തട്ടിക്കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയിരുന്നു. ഫിറോസാബാദ് മഹാനഗറിലെ പ്രവർത്തകർ വിനീതയുടെ പ്രവർത്തിയിൽ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് പുറത്താക്കൽ നടപടിയെന്ന് ബിജെപി ഭാരവാഹികൾ അറിയിച്ചു.

വിനീതയും ഭർത്താവ് മുരാരി അഗർവാളും 1.8 ലക്ഷം രൂപയായിരുന്നു കുഞ്ഞിന് പ്രതിഫലമായി നൽകിയത്. ഒരു പെൺകുട്ടിയുള്ള ദമ്പതികൾക്ക് ഒരു ആൺകുട്ടിയെ വേണമെന്ന ആഗ്രഹത്തെ തുടർന്നായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിൽ നിന്ന് കുട്ടിയെ വാങ്ങിയത്.

ALSO READ- കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് ബസിനടിയിൽ; യുവാവിന് അത്ഭുതരക്ഷ

ആഗസ്റ്റ് 24നാണ് മധുര ജംഗ്ഷൻ റെയിൽവേ പ്ലാറ്റ് ഫോമിൽ അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ ബിജെപി നേതാവിന്റെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. വിനീതയുൾപ്പടെ എട്ടു പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്.

Exit mobile version