റാഞ്ചി; വീട്ടുജോലിക്കാരിയായ ഗോത്രവർഗക്കാരിയെ മൃഗീമായി പീഡിപ്പിച്ച സംഭവത്തിൽ വനിതാ ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വർ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവർത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കൺവീനറുമായ സീമ പാത്രയാണ് യുവതിയോട് മോശമായി പെരുമാറിയത്.
നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചതായും ദേഹത്ത് പൊള്ളലേൽപ്പിച്ചതായും പരാതിയുണ്ട്. സുനിത എന്ന ഗോത്രവർഗ യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ, സീമ പാത്രയ്ക്കെതിരെ കേസെടുത്തു. റാഞ്ചിയിലെ അർഗോഡ പൊലീസ് സ്റ്റേഷനിൽ എഫ്ഐആറും രജിസ്റ്റർ ചെയ്തു. തന്നെ കഴിഞ്ഞ 8 വർഷമായി പീഡിപ്പിച്ചുവെന്നും ചൂടുള്ള വസ്തുക്കളുപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിച്ചുവെന്നും സുനിത ആരോപിച്ചു.
സുനിതയുടെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സീമ പാത്രയുടെ മകൻ ആയുഷ്മാനാണ് സുനിതയെ രക്ഷിക്കാൻ ശ്രമിച്ചത്. ആയുഷ്മാൻ വീട്ടിലെ സംഭവങ്ങൾ സുഹൃത്തായ വിവേക് ബാസ്കെയെ അറിയിച്ചു. സുനിത, വിവേകിനോട് തന്റെ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയും അയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു.
വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു), ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയാണെന്നു കണ്ടെത്തിയാൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ജാർഖണ്ഡ് ഡിജിപിക്ക് കത്തുനൽകി. ഇരയ്ക്ക് ഏറ്റവും മികച്ച ചികിത്സയും സുരക്ഷിതമായ പുനരധിവാസവും ഉറപ്പാക്കാനും കമ്മിഷൻ നിർദ്ദേശിച്ചു. വിഷയത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് ഏഴു ദിവസത്തിനകം കമ്മിഷനെ അറിയിക്കണം.
Discussion about this post